ആലുവ: കോറോണക്കാലത്തും ലക്ഷങ്ങൾ വച്ച് ചീട്ടുകളി നടത്തുന്ന സംഘങ്ങൾ റൂറൽ ജില്ലാ പോലീസ് പരിധിയിൽ കൂടുതൽ സജീവമാകുന്നു. ഗുണ്ടാ സംഘങ്ങളെ കാവൽ നിർത്തി കൊണ്ടുള്ള ഈ ചൂതാട്ട കേന്ദ്രങ്ങളിൽ എതിർ ഗ്രൂപ്പിലെ ഗുണ്ടകൾ റെയ്ഡിനെത്തുന്നത് പതിവാകുന്നു.
ഇത്തരം സംഘത്തിനെതിരേയുള്ള പരാതിയെ തുടർന്നു നെടുമ്പാശേരി പോലീസ് നടത്തിയ അന്വേഷണമാണ് ഗുണ്ടാ സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഫ്ലാറ്റിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം അതിക്രമിച്ച് കയറി മൂന്ന് ലക്ഷം രൂപയും എട്ട് പവൻ സ്വർണാഭരണങ്ങളും ഗുണ്ടാ സംഘം കവർന്നിരുന്നു.
ഈ സംഭവത്തിൽ കൊലപാതക ശ്രമകേസിലെ ഒന്നാം പ്രതി തുറവൂർ പുല്ലാനി വിഷ്ണു അടക്കം മൂക്കന്നൂർ അനിൽ പപ്പൻ മഞ്ഞപ്ര ടിൽജോ എന്നിവർ പോലീസ് കസ്റ്റഡിയിലായിരുന്നു. കവർച്ച മുതലുകളും സംഘം സഞ്ചരിച്ച വാഹനങ്ങളും കവർച്ച മുതലുപയോഗിച്ച് വാങ്ങിയ മോട്ടോർ സൈക്കിളും പോലീസ് പ്രതികളിൽ നിന്നും പിടിച്ചെടുത്തിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെടാൻ ചീട്ടുകളി നടത്തിപ്പുകാർ ആദ്യം തയാറായിരുന്നില്ല. വിവരം മണത്തറിഞ്ഞ പോലീസ് കൃത്യത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
തുടർന്ന് അനിലും ടിൽജോയും പിടിയിലായി. കോടതി അനുമതിയോടെ ഗുണ്ടാ തലവൻ പുല്ലാനി വിഷ്ണുവിനേയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റൂറൽ ജില്ലയിലെ ഗുണ്ടാ സംഘങ്ങളിലെ അംഗങ്ങളാണ് ഈ കേസിൽ ഇനി പിടിയിലാകാനുള്ളതെന്ന് പോലീസ് അറിയിച്ചു.
ചൂതാട്ട കേന്ദ്രങ്ങളിൽ ഇത്തരം പിടിച്ചുപറികൾ പതിവാണ്. എന്നാൽ മാനഹാനി ഭയന്ന് ചീട്ടുക്കളിക്കാരും നടത്തിപ്പുകാരും ഇക്കാര്യങ്ങൾ പോലീസിൽ പരാതിപ്പെടാറില്ല. ഫ്ലാറ്റുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചൂതാട്ടം നടത്തുന്നത് അതീവ രഹസ്യമായിട്ടാണെങ്കിലും സംഘാംഗങ്ങൾ തന്നെ ഒറ്റുകാരാവാറാണ് പതിവ്.
കുറച്ച് നാളുകൾക്ക് മുമ്പ് അറക്കപ്പടി ഭാഗത്തെ റബർ തോട്ടത്തിൽ കളിച്ചു കൊണ്ടിരുന്നവരുടെ നേരേ വടിവാളക്രമണം നടത്തുകയും പണം കവരുകയും ചെയ്തിരുന്നു. കുറുപ്പുംപടിയിലെ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന ഈ പിടിച്ചുപ്പറി പെരുമ്പാവൂർ പോലീസ് കേസാക്കിയെങ്കിലും പിന്നീട് സംഘങ്ങൾ തമ്മിൽ ഒത്തുതീർപ്പിൽ എത്തുകയായിരുന്നു.
നെടുമ്പാശേരിയിലെ ഹോട്ടലുകളും ഫ്ലാറ്റുകളും ടൂറിസ്റ്റുകളില്ലാത്തതിനാൽ ഒഴിഞ്ഞു കിടക്കുകയാണ്. ഇത്തരം സങ്കേതങ്ങൾ ചീട്ടുകളിക്ക് സുരക്ഷിത കേന്ദ്രങ്ങളായി ചൂതാട്ട സംഘങ്ങൾ തിരഞ്ഞെടുക്കാറാണ് പതിവ്. ഗുണ്ടാ സംഘങ്ങളുടെ ഒത്താശയും പിന്തുണയും ഇത്തരം കേന്ദ്രങ്ങൾക്ക് ലഭിക്കാറുണ്ട്.
പോലീസിലെ ഒരു വിഭാഗത്തിന്റെ മൗന സമ്മതം കൂടിയുള്ളതിനാൽ ആലുവ കേന്ദ്രീകരിച്ചാണ് ഈ മാഫിയ പ്രവർത്തിക്കുന്നത്. നെടുമ്പാശേരിയിലെ അക്രമണത്തിരയായവരിൽ ഉന്നതനായ ഒരാൾ ഉണ്ടായിരുന്നതാണ് കേസിന്റെ ഗതി മാറ്റിയത്.
പരാതി നിർബന്ധിച്ച് എഴുതി വാങ്ങി പോലീസ് മുന്നിട്ടിറങ്ങി തന്നെയാണ് ഈ കേസിലെ പ്രതികളെ പിടികൂടിയത്. ചീട്ടുകളി സംഘങ്ങൾ കൂടുതൽ ശക്തിയോടെ തിരിച്ച് വരുന്നത് റൂറൽ ജില്ലാ പോലീസിന് തലവേദനയായിട്ടുണ്ട്. അത് കൊണ്ട് തന്നെ അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്റെ നീക്കം.