,
ഏറ്റുമാനൂർ: ജില്ലയിൽ കൂടുതൽ ചീട്ടുകളി സംഘങ്ങളെ തേടി പോലീസ്. ഇന്നലെ ഏറ്റുമാനൂരിൽനിന്ന് 35,190രൂപയുമായി ആറംഗ ചീട്ടുകളി സംഘം പോലീസ് പിടിയിലായി.
മണർകാട് കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രം പോലീസ് പൂട്ടിയതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ചീട്ടുകളി ആരംഭിച്ചതായി സ്പെഷൽ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. ദിവസങ്ങൾക്കു മുന്‍പ് കുറുന്പനാടം, ചങ്ങനാശേരി മാർക്കറ്റ്, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും ചീട്ടുകളി സംഘങ്ങൾ പോലീസിന്റെ പിടിയിലായിരുന്നു.
ഏറ്റുമാനൂർ നിന്നും പിടിയിലായ ചീട്ടുകളിക്കാരെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കുറുമുള്ളൂർ മാടവന സനീഷ് (39), ഓണംതുരുത്ത് ചാമക്കാലയിൽ പ്രസാദ് തോമസ് (48) , സഹോദരൻ പ്രേംസണ്‍ തോമസ് (49), അതിരന്പുഴ പാറേമാക്കൽ ഷിജിമോൻ (44), ഓണംതുരുത്ത് വലിയനിലത്ത് സിമിൽ (34), ഓണംതുരുത്ത് നെടുംതൊട്ടിയിൽ സാബു ജോസഫ് (49) എന്നിവരെയാണു ഏറ്റുമാനൂർ പോലീസ് അറസറ്റ് ചെയ്തത്.
കല്ലന്പാറ സ്വദേശിയായ എസ്തപ്പാന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഇവിടെ പതിവായി ചീട്ടുകളി നടക്കുന്നതായി ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
ഏറ്റുമാനൂർ എസ്ഐ മനു വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്.