കോട്ടയം: കള്ളനോട്ട് സംഘത്തിന്റെ കോട്ടയം ജില്ലയിലെ വേരുകൾ തേടി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
കേസിൽ തിരുവല്ല പോലീസ് ആദ്യം പിടികൂടിയ കാഞ്ഞിരപ്പള്ളി പട്ടിമറ്റം തട്ടാപ്പറന്പിൽ എം. സജിയുടെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കള്ളനോട്ടുകൾ വിതരണം ചെയ്യാൻ ശ്രമം നടത്തിയിരുന്നതായി പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
എന്നാൽ സജി വർഷങ്ങൾക്കു മുന്പു പട്ടിമറ്റത്തു നിന്നും പോയതാണ്. ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയ കാഞ്ഞിരപ്പള്ളി പോലീസിനു യാതൊരു വിവരവും ലഭിച്ചില്ല.
ഇവർ വ്യാജമായി തയാറാക്കുന്ന കള്ളനോട്ടുകൾ വിതരണം ചെയ്യുന്നതിനായി കോട്ടയം ജില്ലയിൽ ഉണ്ടായിരുന്ന സഹായികളുടെ സംഘത്തെയാണ് പോലീസ് തെരയുന്നത്.
നിലവിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം ജില്ലയിൽ ഇവർ കള്ളനോട്ടുകൾ വിതരണം ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറിച്ചു സൂചനകൾ മാത്രമാണ് പോലീസിനു ലഭിച്ചിരിക്കുന്നത്.
ഇടനിലക്കാരെയും ഏജന്റുമാരെയും സംഘടിപ്പിച്ചു ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ടുകൾ ജില്ലയിൽ വിതരണം ചെയ്യാൻ സംഘം പദ്ധതി തയാറാക്കി വരികയായിരുന്നു.
പതിവായി ആഡംബര ഫ്ളാറ്റുകളിലും ഹോട്ടലുകളിലും താമസിച്ചിരുന്ന കള്ളനോട്ടടി സംഘം എല്ലാ ജില്ലകളിലുമെത്തി താമസിച്ചിരുന്നതായിട്ടാണ് വിവരം.