കോട്ടയം: ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ മണർകാട് എസ്എച്ച്ഒ തെറിച്ചേക്കുമെന്ന് സൂചന.
കഴിഞ്ഞ ദിവസമാണ് മണർകാട് ക്രൗണ്‍ ക്ലബ്ബിൽ നടന്ന ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷും മണർകാട് എസ്എച്ച്ഒ രതീഷ് കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്.
ഇതോടെ മാലം സുരേഷും പോലീസും തമ്മിലുള്ള രഹസ്യ ബന്ധങ്ങളും പുറത്തായിരിക്കുകയാണ്. ഇതിനുപുറമേ കോട്ടയത്ത് കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ചേരിപ്പോരും മറനീക്കി പുറത്തു വന്നു.
മാലം സുരേഷിനു കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള പോലീസ് സ്റ്റേഷനുകളിൽ വേണ്ടപ്പെട്ടവരുണ്ടെന്ന് വിവരങ്ങൾ മുന്‍പു തന്നെ പുറത്തുവന്നിരുന്നതാണ്.
എന്നാൽ ചീട്ടുകളി കേന്ദ്രം സ്ഥിതി ചെയ്യുന്ന മണർകാട് സ്റ്റേഷനിലെ എസ്എച്ച്ഒയും മാലം സുരേഷ് തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
ഫോണ്‍ സംഭാഷണം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോര രാഷ്ട്രദീപികയോട് പറഞ്ഞു.
അന്വേഷണം പൂർത്തിയാകുന്നതോടെ എസ്എച്ച്ഒയ്ക്കെതിരെ നിയമനടപടി ഉണ്ടായേക്കുമെന്നാണ് സൂചനകൾ. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മാലം സുരേഷിനു മണർകാട് എസ്എച്ച്ഒ നിയമോപദേശം നല്കുന്ന രീതിയിലുള്ള ഫോണ്‍ സംഭാഷമാണ് പുറത്തുവന്നിരിക്കുന്നത്.
റെയ്ഡ് നടത്തിയ പോലീസിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് മാലം സുരേഷ് പറയുന്പോൾ കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നാണ് എസ്എച്ച്ഒ നല്കുന്ന നിയമോപദേശം. ഇതിനു പുറമേ ഫോണ്‍ സംഭാഷണത്തിൽ റെയ്ഡിനു നേതൃത്വം നല്കിയ പാന്പാടി എസ്എച്ച്ഒയെ മണർകാട് എസ്എച്ച്ഒ കുറ്റപ്പെടുത്തുന്നുമുണ്ട്.
പിടിച്ചെടുത്ത സിസിടിവി കാമറകളുടെ ഹാർഡ് ഡിസ്ക്കുകൾ ഫോർമാറ്റ് ചെയ്തതായും എസ്എച്ച്ഒ മാലം സുരേഷിനോട് സമ്മതിക്കുന്നതായും ഫോണ്‍ സംഭാഷണത്തിലുണ്ട്.
സഹപ്രവർത്തകനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിലൂടെ ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാരനെ രക്ഷപ്പെടുത്താനാണ് മണർകാട് എസ്എച്ച്ഒ ശ്രമിക്കുന്നതെന്നും പരാതിയുണ്ട്.
ഇതോടെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെതുടർന്ന് പോലീസ് നടപടികൾക്കു നേതൃത്വം നല്കുന്ന ആരോപണങ്ങളില്ലാത്ത ഉദ്യോഗസ്ഥനെതിരെ പോലീസിലെ ഒരു വിഭാഗവും ചീട്ടുകളി ലോബിയും ചേർന്നു കരുക്കൾ നീക്കുകയാണെന്ന് ആരോപണവും ശക്തമാകുന്നുണ്ട്.
മാലം സുരേഷ് തന്നെയാണ് റിക്കാർഡ് ചെയ്ത ഫോണ്‍ സംഭാഷണം പുറത്തുവിട്ടതെന്നാണ് സൂചന. മണർകാട് എസ്എച്ച്ഒയുടെ ഭാഗത്തു നിന്നും ഏതു സാഹചര്യത്തിലാണ് സഹപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സംഭാഷണം ഉണ്ടായതെന്നും എസ്എച്ച്ഒയ്ക്കു വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് കാര്യവുമാണ് സ്പെഷൽ ബ്രാഞ്ച് പരിശോധിക്കുന്നത്.
കഴിഞ്ഞ 11നാണു മണർകാട് ക്ലൗണ്‍ ക്ലബിൽനിന്നും 43 പേരടങ്ങുന്ന ചീട്ടുകളിസംഘത്തെയും 18 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തത്. പീന്നിട് ദിവസങ്ങൾക്കു ശേഷമാണ് പോലീസ് ക്ലബ് ഭാരവാഹികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
മാലം സുരേഷിനു ഉന്നത രാഷ്്ട്രീയ പോലീസ് ബന്ധങ്ങൾ ഉണ്ടെന്ന് ആരോപണവും ഇതോടെ ശക്തമായിരിക്കുകയാണ്.