കോട്ടയം: മണർകാട്ടെ ചീട്ടുകളി സംഘത്തലവന് ഉന്നത രാഷ്ട്രീയ നേതാക്കൻമാരുമായും പോലീസ് ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന കാര്യവും പകലു പോലെ വ്യക്തമാണ്.
ഇയാൾക്ക് ഒത്താശ ചെയ്യാത്ത എസ്എച്ച്ഒമാരെയും എസ്ഐമാരെയും പോലീസുകാരെയും ഭീഷണിപ്പെടുത്തുന്നതും ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു സ്ഥലം മാറ്റുന്നതും നിത്യസംഭവമാണ്. ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
നാളുകൾക്കു മുന്പു വരെ തമിഴ്നാട്ടിലായിരുന്ന ഇയാളുടെ ചീട്ടുകളി കേന്ദ്രം മണർകാട്ടേക്കു മാറ്റിയിട്ടു അധികകാലമായില്ല. മണർകാട്ട് ചീട്ടുകളി കേന്ദ്രം ഒരുക്കുന്നതിനു മുന്നോടിയായി പലവിധത്തിലുള്ള തയാറെടുപ്പുകൾ ബ്ലേഡ് മാഫിയ തലവൻ കൂടിയായ ഇയാൾ നടത്തിയിരുന്നതായാണു വിവരം.
വേണ്ടപ്പെട്ടവരെയൊക്കൊ നേരിൽ കണ്ടു സമ്മാനങ്ങൾ കൈമാറിയതായും പറയപ്പെടുന്നു. ഏതു കാര്യത്തിനും ആയുധങ്ങൾ കൈവശമുള്ള ഗുണ്ടാ സംഘങ്ങൾ ഉൾപ്പെടെയുള്ളവരുടെ കാവലുണ്ട്. പണം പലിശയ്ക്കു നല്കുന്നതിനു പുറമേ ഇയാൾക്കു മറ്റു ബിസിനസുകളുമുണ്ട്.
വർഷങ്ങൾക്കു മുന്പ് ഇയാളെ ഗുണ്ടാ പട്ടികയിൽ പോലീസ് ഉൾപ്പെടുത്തിയിരുന്നതാണ്. തുടർന്ന് ഇയാൾക്ക് ആറു മാസത്തോളം സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ഇയാൾക്കെതിരേ 23 തട്ടിപ്പുകേസുകളുണ്ടെന്നു പോലീസ് പറയുന്നു. ഭൂമി തട്ടിപ്പ്, സാന്പത്തിക തട്ടിപ്പ് കേസുകൾ ഹൈക്കോടതിയിൽ നടക്കുകയാണ്.
മുന്പു പലപ്പോഴും മണർകാട്ടുള്ള ചീട്ടുകളി സംഘത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിരുന്നു. പോലീസ് എത്തുന്പോഴേക്കും ചീട്ടുകളി കേന്ദ്രം കാലിയായിരിക്കും. തുടർന്നാണു പോലീസ് സംഘത്തിൽ തന്നെയുള്ളവർ ഇയാളുടെ അടുപ്പക്കാരും സംഘത്തലവനിൽനിന്നും സമ്മാനങ്ങൾ കൈപ്പറ്റുന്നവരാണെന്നുമുള്ള വിവരങ്ങൾ പുറത്തു വന്നത്.
കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള പോലീസ് സ്റ്റേഷനുകളിലെല്ലാം ഇയാൾക്കു വേണ്ടപ്പെട്ടവരുണ്ട്. ജില്ലയിലുടനീളം ഇയാൾക്കു ഗുണ്ടാസംഘവുമുണ്ടെന്നും പറയപ്പെടുന്നു. ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കൻമാരുടെ സംരക്ഷണയിലാണ് ഇയാൾ ഇപ്പോഴും കഴിയുന്നതെന്നും ആരോപണമുണ്ട്.
അതേസമയം ചീട്ടുകളിയുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ചീട്ടുകളി നടന്ന മണർകാട്ടെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം അറിയാൻ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പോലീസ് കത്തു നൽകിയിട്ടുണ്ട്. ഉടമസ്ഥാവകശം അറിഞ്ഞതിനുശേഷം തുടർനടപടിയുണ്ടാകുമെന്നും മണർകാട് പോലീസ് പറഞ്ഞു.
അന്നു ഷാപ്പിലെ സപ്ലയർ; ഇന്നു കോടീശ്വരൻ
കോട്ടയം: കഴിഞ്ഞ 10 വർഷത്തിനുള്ളിലാണു ചീട്ടുകളി സംഘത്തിനു നേതൃത്വം നല്കിയ ബ്ലേഡ് മാഫിയ സംഘത്തലവന്റെ വളർച്ചയെന്ന് പോലീസ്. ബിനാമി ഇടപാടുകളിലൂടെയായിരുന്നു ബ്ലേഡ് മാഫിയ സംഘത്തിന്റെ നേതാവായി ഇയാൾ മാറിയത്.
മ ണർകാട് മാലത്തുള്ള ഒരു ഷാപ്പിലെ ജീവനക്കാരനായിരുന്നു. ഇക്കാലത്ത് ചെറിയ രീതിയിൽ ഇയാൾ പണം പലിശയ്ക്കു നല്കിയിരുന്നു. ഇതറിഞ്ഞ ഉന്നതൻമാരിൽ ചിലർ ഇയാൾക്കു പണം വാഗ്ദാനം ചെയ്യുകയായിരുന്നു.
തുടർന്ന് ഉന്നതൻമാരുടെ പക്കൽനിന്നും ഇയാൾ വലിയ തുക ചെറിയ പലിശയ്ക്കു വാങ്ങിയശേഷം വലിയ പലിശയ്ക്കു മറ്റുള്ളവർക്കു നല്കി തുടങ്ങി. പിന്നീടാണ് ചില രാഷ്ട്രീയ ഉന്നതൻമാരുമായി ഇയാൾക്കു ബന്ധമുണ്ടായത്. ഇതോടെ ബ്ലേഡ് മാഫിയ തലവൻ ഭൂമി ഇടപാടുകളിലേക്കും വസ്തുക്കച്ചവടത്തിലേക്കും തിരിഞ്ഞു.
പിന്നീടാണ് വാഹന കച്ചവടത്തിലേക്കും കഴുത്തറപ്പൻ ബ്ലേഡ് മാഫിയയുടെ തലവനായും ഇയാൾ മാറിയതെന്നും പോലീസ് സംസാരം. ചങ്ങനാശേരിയിലെ നഗരമധ്യത്തിലെ രാഷ്്ട്രീയ നേതാവിനു ബ്ലേഡ് പണം നൽകിയശേഷം ഇദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടം പണയം സ്വീകരിച്ചു.
പണം തിരികെ ലഭിക്കാതെ വന്നതോടെ കെട്ടിടം കൈവശപ്പെടുത്തി. ഈകേസ് ഉന്നത രാഷ്്ട്രീയ ഇടപെടലിനെത്തുടർന്നാണു പരിഹരിക്കാൻ ശ്രമിച്ചത്. ഈ കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നതായാണു വിവരം.
സമാനമായ രീതിയിൽ പലർക്കും സ്ഥലവും വാഹനങ്ങളും നഷ്ടപ്പെട്ടിട്ടുള്ളതായും വിവരമുണ്ട്. ശക്തമായ ബ്ലേഡ് മാഫിയ പ്രവർത്തനങ്ങളുമായി നടന്നിരുന്ന ഇയാൾ അടുത്ത കാലത്താണു പല ബിസിനസുകളിലേക്കും വന്പൻ ചീട്ടുകളി സംഘത്തെ നിയന്ത്രിക്കുന്ന നടപടികളിലേക്കും കടന്നത്.