പുതുപ്പള്ളി: പുമ്മറ്റം കവലയ്ക്കു സമീപത്തെ റബർതോട്ടത്തിലെ ചീട്ടുകളിയും മദ്യപാനവും നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്്ടിക്കുന്നു. നാട്ടുകാർ ഇവർക്കെതിരേ പലതവണ പോലീസിൽ പരാതി നല്കിയിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പോലീസുകാർ സ്റ്റേഷനിൽനിന്ന് ഇറങ്ങുന്പോൾ തന്നെ വിവരം പുമറ്റത്തെത്തും. കഴിഞ്ഞദിവസം മഫ്തിയിൽ പോലീസ് എത്തി. എന്നിട്ടും പിടികൂടാനായില്ല.
പോലീസ് എത്തുന്പോൾ നല്ലപിള്ള ചമഞ്ഞിരിക്കുന്ന യുവാക്കളെയാണു കാണുക. ചീട്ടും പണവും മദ്യവുമൊക്കെ ഈസമയം മാറ്റിയിരിക്കും. ഞായറാഴ്ച ദിവസമാണ് ഇവിടുത്തെ വന്പൻ ചീട്ടുകളി. സംഘം ചേർന്നുള്ള ചീട്ടുകളിയും മദ്യപാനവും ചോദ്യം ചെയ്യുന്നവരെ വിരട്ടാനും ഇവർക്കിടയിൽ ചിലരുണ്ട്. അതിനാൽ നാട്ടുകാരിൽ പലർക്കും ഇവരെ പേടിയാണ്.
കഴിഞ്ഞദിവസം മണർകാട്ടുനിന്ന് വിളിച്ചുകൊണ്ടുവന്ന ഓട്ടോക്കാരനുമായി വാക്കേറ്റമുണ്ടായി. ഓട്ടോ ചാർജ് സംബന്ധിച്ച തർക്കമായിരുന്നു കാരണം. നാട്ടുകാർക്കു പേടി സ്വപ്നമായ ചീട്ടുകളി സംഘത്തെ അമർച്ച ചെയ്യാൻ സാധിക്കുമോ എന്നാണു പുമറ്റം സ്വദേശികൾ ഈസ്റ്റ് പോലീസിനോട് ചോദിക്കുന്നത്.
പോലീസിലെ ഒരു ഉദ്യോഗസ്ഥന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഇദ്ദേഹമാണു പോലീസ് എത്തുന്ന വിവരം ചീട്ടുകളിക്കാരെ അറിയിക്കുന്നതെന്നും പറയുന്നു. ചീട്ടുകളിസ്ഥലത്തേക്കുള്ള മൂന്നു വഴികളിലും ഇവരുടെ ആളുകൾ ഉണ്ടാകും. പോലീസോ മറ്റ് ഇവർക്ക് സംശയകരമായ രീതിയിൽ ആരു കടന്നുപോയാലും അറിയിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.