തിരുവനന്തപുരം: ബ്ലൂ വെയ്ൽ പോലുള്ള കൊലയാളി ഗെയിമുകൾ മുന്പും ഉണ്ടായി രുന്നുവെന്നും പത്തുവർഷം മുമ്പ് തന്റെ മകൻ ജീവനൊടുക്കാൻ കാരണം ഇത്തരമൊരു ഗെയിം ആണെന്നും വനംവകുപ്പ് മുൻ ഡപ്യൂട്ടി സെക്രട്ടറിയും എഴുത്തുകാരിയുമായ എസ്.സരോജം. തന്റെ ഫേസ്ബുക്ക് പേജിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു വെളിപ്പെടുത്തൽ എസ്. സരോജം നടത്തിയത്.
2006 ജൂലൈ 16നാണ് എസ്.സരോജത്തിന്റെ മകൻ അനീഷിന്റെ മരണം. ആറാം തവണയാണ് ആത്മഹത്യാശ്രമം വിജയിച്ചതെന്ന് സരോജം പറയുന്നു. പ്ലാസ്റ്റിക് കവർ കഴുത്തുവരെ മൂടിയായിരുന്നു 27 കാരനായ അനീഷിന്റെ മരണം. ഒാരോ തവണയും നെറ്റിലൂടെ മകന് നിർദേശങ്ങൾ ലഭിച്ചിരുന്നുവെന്നും ഓരോ ശ്രമവും പരാജയപ്പെടുന്പോൾ പുതിയ മാർഗങ്ങൾ അഡ്മിൻ പറഞ്ഞു കൊടുക്കുമായിരുന്നുവെന്നും സരോജം പറയുന്നു.
ഒരിക്കൽ രണ്ടാഴ്ചയോളം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടന്നതിനുശേഷം അനീഷ് തന്നെയാണ് ഗെയിമിനെപ്പറ്റി തന്നോട് പറഞ്ഞതെന്നും സരോജം പറയുന്നു. അനീഷിന്റെ കന്പ്യൂട്ടർ ഡെസ്ക്ടോപ് നിറയെ ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങളായിരുന്നു. ശരീരത്തിൽ ചോരപൊടിയുന്ന രീതിയിൽ കുത്തിവരയ്ക്കുമായിരുന്നു.
ചെറുപ്പം മുതലേ സൈബർ ലോകത്തെ എല്ലാവഴികളും അനീഷിന് പരിചിതമായിരുന്നു. അഞ്ചാമത്തെ ആത്മഹത്യാശ്രമം പരാജയപ്പെട്ടശേഷമാണ് ഗെയിമുകളെപ്പറ്റി താനറിയുന്നത്. പക്ഷെ അറിയാത്തവർ അറിയാതിരിക്കട്ടെയെന്ന് ചിന്തിച്ചാണ് അന്ന് പുറം ലോകത്തോട് ഇതെല്ലാം വിളിച്ചുപറയാത്തത്. പക്ഷെ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ തന്റെ സ്വസ്ഥത കെടുത്തുന്നുവെന്നും സരോജം പറയുന്നു.