സ്വന്തം ലേഖകൻ
തലശേരി: മൊബൈൽ ഗെയിമിൽ ഹരം കയറി രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. ധർമടത്തും കതിരൂർ മലാലിലുമാണ് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചത്.
പ്ലസ് ടു വിദ്യാർഥിയായ ധര്‍മടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകനും എസ്എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദിനാന് (17), കതിരൂർ മലാൽ എകെജി വായനാശാലക്ക് സമീപത്തെ അഥർവ് (14) എന്നിവരാണ് മരിച്ചത്.
തന്റെ മൊബൈൽ ഫോൺ എറിഞ്ഞ് തകർത്ത ശേഷം അദിനാൻ വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
മൊബൈൽ തകർത്ത ശേഷം മുറിക്ക് പുറത്ത് ഇറങ്ങിയ അദിനാൻ താൻ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അദിനാന്റെ മുറിയിൽ നിന്നും സോഡിയം നൈട്രേറ്റ് കണ്ടെടുത്തു. അദിനാൻ എറിഞ്ഞു തകർത്ത മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്.
ധർമ്മടം സിഐ സുമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അദിനാന്റെ വീട്ടിൽ പോലീസ് വീണ്ടും പരിശോധന നടത്തും.
മഹാരാഷ്ട്രയിലെ കൊല്ലാപ്പൂർ ഷൻവാർ പേട്ടിലെ വീട്ടിൽ വെച്ചാണ് അഥർവ് ജീവനൊടുക്കിയത്.
മൃതദേഹം അവിടെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം നാട്ടിൽ കൊണ്ട് വന്ന് സംസ്കരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പോലീസ് അന്വേഷണം നടത്തി വരികയാണ്.