ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യക്ക് ഇരട്ട സ്വർണം. ഗെയിംസിൽ ആദ്യമായാണ് ഒരു ദിവസം ഇന്ത്യക്ക് രണ്ട് സ്വർണം ലഭിക്കുന്നത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 11 ആയി. പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ അർപീന്ദർ സിംഗും വനിതകളുടെ ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമനുമാണ് ഇന്ത്യക്കായി ഇന്നലെ സ്വർണം നേടിയത്. ഓരോ വെള്ളിയും വെങ്കലവും ഇന്ത്യക്ക് ഇന്നലെ ലഭിച്ചു.
ട്രിപ്പിൾ ജംപിൽ 16.77 മീറ്റർ താണ്ടിയാണ് അർപീന്ദർ സിംഗ് ഇന്നലെ ഇന്ത്യയുടെ കിംഗ് ആയത്. മലയാളിയായ രാകേഷ് ബാബുവിന് 16.40 മീറ്റർ കണ്ടെത്തി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഉസ്ബക്കിസ്ഥാന്റെ റുസ്ലൻ കുർബാനോവിനാണ് (16.62 മീറ്റർ) വെള്ളി. ചൈനയുടെ ഷൂ കാവൊ 16.56 മീറ്ററുമായി വെങ്കലം നേടി.
മത്സരത്തിൽ ആദ്യ അവസരം അർപീന്ദറിനു ക്ലിയർ ചെയ്യാൻ സാധിച്ചില്ല. രാകേഷ് ബാബു 16.21 മീറ്റർ കണ്ടെത്തി. എന്നാൽ, രണ്ടാം ശ്രമത്തിൽ അർപീന്ദർ 16.58 മീറ്റർ ദൂരം താണ്ടി. മൂന്നാം ശ്രമത്തിൽ സഹപോരാളികളെ പിന്നിലാക്കി 16.77 മീറ്ററുമായി ഒന്നാം സ്ഥാനത്തേക്ക് ലാൻഡ് ചെയ്തു. നാലാം ശ്രമത്തിൽ 16.08ലേക്ക് താണുപോയ അർപീന്ദർ അഞ്ചും ആറും ശ്രമങ്ങൾ ഉപേക്ഷിച്ചു. രണ്ടാം ശ്രമത്തിലാണ് രാകേഷ് 16.40 മീറ്റർ കണ്ടെത്തിയത്.
പല്ലുവേദന സഹിച്ച് സ്വപ്നയുടെ സ്വർണം
6000 പോയിന്റിൽ അധികം നേടി റിക്കാർഡ് കുറിച്ചാണ് ഇന്ത്യക്കായി ഇന്നലെ ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമൻ സ്വർണം കരസ്ഥമാക്കിയത്. കടുത്ത പല്ലുവേദനയ്ക്കിടെയാണ് സ്വപ്നയുടെ സ്വർണമെന്നത് തിളക്കം വർധിപ്പിക്കുന്നു. 6026 പോയിന്റാണ് ഇന്ത്യൻ താരം നേടിയത്. ചൈനയുടെ വാങ് ഖ്വിങ്ലിംഗിൽനിന്ന് ശക്തമായ മത്സരം നേരിട്ടാണ് സ്വപ്നയുടെ വിജയം. ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ സ്വപ്നയ്ക്ക് 5218ഉം വാങിന് 5155ഉം പോയിന്റായിരുന്നു. അവസാന ഇനമായ 800 മീറ്ററിലും വാങ് ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും ഇന്ത്യൻ താരം കുലുങ്ങിയില്ല. 5954 പോയിന്റുമായാണ് ചൈനീസ് താരം വെള്ളി നേടിയത്.
വീണ്ടും ദ്യുതി
വനിതകളുടെ 100 മീറ്ററിൽ വെള്ളി നേടിയ ദ്യുതി ചന്ദ് 200 മീറ്ററിലും നേട്ടം ആവർത്തിച്ച് ഇരട്ട മെഡലിന് അർഹയായി. വ്യക്തിഗത ഇനത്തിൽ ഇരട്ട മെഡൽ സ്വന്തമാക്കിയ ആദ്യതാരമായി ഇതോടെ ദ്യുതി. 23.20 സെക്കൻഡിലാണ് ഇന്ത്യൻ താരം വെള്ളി നേട്ടത്തിലേക്ക് ഓടിയെത്തിയത്. ബഹ്റിന്റെ എഡിഡോംഗ് ഒഡിയോഗിനാണ് സ്വർണം. 22.96 സെക്കൻഡിലാണ് ബഹ്റിൻ താരം ഫിനിഷിംഗ് ലൈൻ തൊട്ടത്. ചൈനയുടെ യോങ്ലി വീ 23.27 സെക്കൻഡുമായി വെങ്കലം കരസ്ഥമാക്കി.
100 മീറ്ററിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവർതന്നെയാണ് 200 മീറ്ററിലും സ്വർണവും വെള്ളിയും വെങ്കലവും കരസ്ഥമാക്കിയതെന്നതാണ് കൗതുകം.
ജിൻസണും മൻജിത്തും ഫൈനലിൽ
പുരുഷ വിഭാഗം 800 മീറ്ററിൽ സ്വർണവും വെള്ളിയും നേടിയ ഇന്ത്യയുടെ മൻജിത് സിംഗും ജിൻസണ് ജോണ്സണും 1500 മീറ്ററിന്റെ ഫൈനലിലും കടന്നു. ഇന്നലെ നടന്ന ഹീറ്റ്സിൽ 3:46.50 സെക്കൻഡിൽ 1500 മീറ്റർ പൂർത്തിയാക്കിയാണ് മലയാളി താരമായ ജിൻസണ് ഫൈനലിനു യോഗ്യത നേടിയത്. 3:50.59 സെക്കൻഡിലാണ് മൻജിത് സിംഗ് ഹീറ്റ്സ് പൂർത്തിയാക്കിയത്.
പുരുഷ വിഭാഗം 4-400 മീറ്റർ റിലേയിൽ കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, ജീവൻ സുരേഷ്, ധരുണ് അയ്യസാമി എന്നിവരുടെ ടീം ഫൈനലിനു യോഗ്യത നേടിയിട്ടുണ്ട്.
മെഡൽ നില
സ്ഥാനം, ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ
1. ചൈന 101 66 50 217
2. ജപ്പാൻ 51 47 63 161
3. കൊറിയ 37 41 50 128
4. ഇന്തോനേഷ്യ 30 22 36 88
8. ഇന്ത്യ 11 20 23 54