ചോറ്റാനിക്കര: കൊട്ടിഘോഷിച്ച് പ്രചാരണം നൽകിയ ചോറ്റാനിക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട വികസന പദ്ധതി അനിശ്ചിതത്വത്തിൽ. കർണാടക സ്വദേശി ഗണശ്രാവൺ എന്ന വ്യവസായി ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനങ്ങൾക്കായി നടത്തിയ കോടികളുടെ വാഗ്ദാനമാണ് ജലരേഖയായിരിക്കുന്നത്.
ചോറ്റാനിക്കര പഞ്ചായത്തിന്റെ തലവരെ തന്നെ മാറ്റി മറിക്കുന്ന വിധത്തിൽ വാഗ്ദാനം ചെയ്ത കോടികളിൽ കണ്ണുനട്ട് സ്വപ്നം കണ്ടത് ഒട്ടേറെ വികസനങ്ങളായിരുന്നു. യാതൊരു മുന്നറിവുമില്ലാതെ പെട്ടെന്ന് ഒരു ദിവസമാണ് ചോറ്റാനിക്കര ക്ഷേത്രവികസനത്തിന് 526 കോടിയുടെ സംഭാവന വാഗ്ദാനം വലിയ വാർത്തയായത്.
രത്ന വ്യാപാരിയോ?
ബംഗളൂരുവിലുള്ള രത്നവ്യാപാരിയെന്ന് പരിചയപ്പെടുത്തിയ ഗണശ്രാവണും കൂട്ടാളികളും ക്ഷേത്രത്തിൽ സ്വർണം പതിപ്പിക്കൽ, ക്ഷേത്രത്തിനു ചുറ്റും റിംഗ് റോഡ്, ഇരട്ട ഗോപുരങ്ങൾ, ഏറ്റവും വലിയ സദ്യാലയം തുടങ്ങി പതിനെട്ടോളം പദ്ധതികളാണ് വിഭാവനം ചെയ്തത്.
വൻ പ്രചാരം കിട്ടിയ ഈ വാർത്തയ്ക്കു പിന്നാലെ രണ്ടാഴ്ചയ്ക്കു ശേഷം 174 കോടി രൂപകൂടി ചേർത്ത് മൊത്തം 700 കോടിയുടെ വികസനം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. ഇതോടൊപ്പം സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയാണ് ഗണശ്രാവണനെന്നും പറയപ്പെട്ടു.
അഞ്ച് വർഷം കൊണ്ട് രണ്ട് ഘട്ടമായി പൂർത്തീകരിക്കുമെന്നു പറഞ്ഞ വികസന പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനും ക്ഷേത്രത്തിലെത്തിയിരുന്നു.
രേഖ ഹാജരാക്കിയില്ല
എന്നാൽ കോടികളുടെ പദ്ധതിയായതിനാൽ ധാരണാപത്രത്തിന്റെ അംഗീകാരത്തിനായി ദേവസ്വം ഓംബുഡ്സ്മാനു കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാൻ ഗണശ്രാവണനോടു കമ്പനിയുടെയും സാമ്പത്തിക സ്രോതസിന്റെയും വിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു രേഖ പോലും ഗണശ്രാവൺ ഹാജരാക്കിയില്ല.
അതു കൊണ്ടു തന്നെ പദ്ധതിയിൽനിന്നു പിന്നോട്ട് പോകാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.രേഖകൾ ഇതുവരെ നൽകാത്തതിനാൽ പദ്ധതിയുടെ അനുമതിയ്ക്കായി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാനും രേഖകളെല്ലാം ലഭിച്ചിട്ട് പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യം ആലോചിക്കാമെന്നുമാണ് കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചതെന്ന് അസി. കമ്മീഷണർ ബിജു ആർ.പിള്ള പറഞ്ഞു.