വിഴിഞ്ഞം: ഗാനമേളക്കിടെ നടന്ന കൂട്ടത്തല്ല് നിയന്ത്രിക്കാൻ ശ്രമിച്ച പോലീസുകാരെ സംഘം ചേർന്ന് ആക്രമിച്ചു. എട്ട് പോലീസുകാർക്ക് പരിക്കേറ്റു. ജീപ്പ് അടിച്ച് തകർത്തു. അൻപതോളം പേർക്കെതിരെ കേസെടുത്ത വിഴിഞ്ഞം പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്റ്റേഷനിലെ എ എസ് ഐ രാജൻ, സിപിഒമാരായ കൃഷ്ണകുമാർ ,മനോജ്, അജികുമാർ, സന്തോഷ്, സുധീർ, രതീഷ്, ഹോം ഗാർഡ് മിൽക്കിസ ബേക്ക് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെ വിഴിഞ്ഞം മുല്ലൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഗാനമേളക്കിടെയാണ് സംഘർഷം. ഗാനമേള നടക്കുന്നതിനിടയിൽ ഒരു സംഘം യുവാക്കൾ സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്ത് കയറി ഡാൻസ് കളിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്.
ഇത് തടയാനെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ സംഘം കൈയേറ്റം ചെയ്തത് പ്രശ്നം രൂക്ഷമാക്കി.ഇതിനിടയിൽ വിവരമറിഞ്ഞ് വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസെത്തി പ്രശ്നക്കാരനായ ഒരാളെ പിടികൂടി ജീപ്പിൽ കയറ്റാൻ ശ്രമം നടത്തി. ഇത് തടയാൻ സംഘടിച്ചെത്തിയവർ രാവിലെ പൊങ്കാലയർപ്പിച്ച ശേഷം ഒതുക്കിയിട്ടിരുന്ന ചുടു കല്ലുകൾ കൊണ്ട് പോലീസുകാരെ തലങ്ങും വിലങ്ങും ആക്രമിച്ചു.
തലയ്ക്കും മുതുകിലും പരിക്കേറ്റ ഏഴ് പേരെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും തോളെല്ല് തകർന്ന ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഘർഷം നിയന്ത്രിക്കാൻ ക്യാമ്പിൽ നിന്നും കൂടുതൽ പോലീസ് എത്തേണ്ടി വന്നതായും പ്രശ്നക്കാരായ കൂടുതൽ പേരെ ഉടൻ അറസ്റ്റു ചെയ്യുമെന്നുംവിഴിഞ്ഞം പോലീസ് അറിയിച്ചു.