കൊല്ലം: കടയ്ക്കലില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഗാനമേളയില്‍ ആർഎസ്എസിന്റെ ഗണഗീതം അവതരിപ്പിച്ചതായി പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം മഞ്ഞിപ്പുഴ കോട്ടുക്കല്‍ ക്ഷേത്രോത്സവത്തിലാണ് ആർഎസ്എസ് ഗണഗീതം അവതരിപ്പിച്ചത്. കോട്ടുക്കല്‍ സ്വദേശിയായ പ്രതിനാണ് കടയ്ക്കല്‍ പൊലിസില്‍ പരാതി നല്‍കിയത്.
ഇത് കൂടാതെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് കെട്ടിയ ബജരംഗദൾ, ആര്‍എസ്എസ് കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ഞിപ്പുഴ ദേവസ്വം ക്ഷേത്ര ഉപദേശക സമിതി വൈസ്പ്രസിഡന്റ് അഖില്‍ ശശി കടയ്ക്കല്‍ പൊലിസിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പരാതി നല്കി. ഈ പരാതിയില്‍ പൊലിസ് ക്ഷേത്ര ഉപദേശക സമിതിക്ക് നോട്ടീസ് നല്‍കിയിരുന്നു.
തിരുവിതാകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം. അഖില്‍ ശശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പരാതി നല്‍കിയിട്ടുണ്ട്. ആർഎസ്എസിന്റെ കൊടി തോരണങ്ങള്‍ ക്ഷേത്രത്തില്‍ കെട്ടിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ദേശഭക്തിഗാനമാണ് ആലപിച്ചതെന്നാണ് ഉത്സവ കമ്മിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്.
ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങളുടെ വിശദീകരണം. ആർഎസ്എസുമായി ബന്ധപ്പെട്ട രണ്ടു പാട്ട് പാടണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ അതിലൊന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി നല്‍കിയിരുന്നു.നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.
ശനിയാഴ്ച ആയിരുന്നു ഗാനമേള. കാട്ടുക്കല്‍ ടീം ഛത്രപതിയാണ് പരിപാടി സ്പോണ്സര് ചെയ്തതെന്നും നമസ്ക്കരിപ്പൂ ഭാരതമങ്ങേ എന്ന ഗണഗീതം ഉള്‍പ്പെടെ ആലപിച്ചതായാണ് പറയപ്പെടുന്നത്. കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഉത്സവപരിപാടിയില്‍ വിപ്ലവ ഗാനം പാടിയതിനെ തുടര്‍ന്നുള്ള വിവാദത്തിന്റെ അലയൊലികള്‍ അടങ്ങുംമുമ്പാണ് പുതിയ വിവാദം.