ചാരുംമൂട്: യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി സ്വകാര്യ ബസിൽ ഏർപെടുത്തിയ ക്യാമറ സംവിധാനം മാതൃകയാകുന്നു. സാമൂഹ്യ വിരുദ്ധ നടപടികളും നിയമ ലംഘനങ്ങളും ജീവനക്കാരുടെ പെരുമാറ്റവും നിരീക്ഷിക്കാൻ കെപി റോഡ് വഴി കായംകുളം അടൂർ പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീ ഗണപതി ബസിലാണ് കാമറകൾ സ്ഥാപിച്ചത്.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ബസ് യാത്രക്കിടയിൽ ഉണ്ടാകുന്ന അതിക്രമങ്ങളും സാമൂഹ്യവിരുദ്ധ ശല്യങ്ങളും ഒപ്പം ജീവനക്കാരുടെ മോശം പെരുമാറ്റവും കണ്ടെത്താൻ സഹായകമാകുന്ന തരത്തിലാണ് നാല് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ബസിനുള്ളിൽ മാലമോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾ നടന്നാൽ അത് നിരീക്ഷിക്കാൻ കാമറകൾ പോലീസിനും സഹായകമാകും. ജിപിഎസ്, എബിഎസ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
സ്ഥിരം യാത്രക്കാർക്ക് ബസ് എവിടെയെത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എപ്പോഴെത്തുമെന്നും അറിയാനുള്ള സംവിധാനവും മൊബൈൽ ആപ്ലിക്കേഷൻ വഴി സജ്ജമാക്കിയിട്ടുണ്ട്. ഈ റൂട്ടിൽ ഇത്രയും സംവിധാനങ്ങളുള്ള ഏക ഹൈടെക് ബസാണിത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിരവധി തവണ സർവീസ് നടത്തി ശ്രീഗണപതി ബസ് മറ്റ് സ്വകാര്യ ബസുകൾക്ക് മാതൃകയായിട്ടുണ്ട്.
കെപി റോഡിൽ അപകടത്തിൽപ്പെട്ട രോഗിയുമായി പോകവേ വെട്ടിക്കോടിന് സമീപം വെച്ച് അപകടത്തിൽ മരിച്ച ആംബുലൻസ് ഡ്രൈവർ ബ്ലെസന് ഒരുലക്ഷം രൂപ ശ്രീ ഗണപതി ബസ് സർവീസ് നടത്തി നൽകിയിരുന്നു.യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ബസ് ബോഡികോഡ് പ്രകാരം നിർമിച്ച വാഹനമാണിത്. അതിനാൽ സുരക്ഷ സംവിധാനങ്ങൾ ഏറെയുണ്ട്.
ലൊക്കേഷനും ഡാറ്റയും റെക്കോർഡ് ചെയ്യുമെന്നതിനാൽ മുൻ ദിവസങ്ങളിലെ സംഭവങ്ങളും കാര്യങ്ങളും കാമറ സിസ്റ്റത്തിൽ ലഭ്യമാകും. കായംകുളം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.സിയാദ് കാമറകൾ സ്ഥാപിച്ച ശ്രീഗണപതി ബസിന്റെ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. ശ്രീഗണപതി ബസ് ഗ്രൂപ്പ് ഡയറക്ടർ വിനേഷും പങ്കെടുത്തു.