കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രം അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഭക്തജനങ്ങളും പദ്ധതി നടപ്പിലാക്കുന്ന ബംഗളൂരു ആസ്ഥാനമായ സ്വാമിജി ഗ്രൂപ്പും. പദ്ധതിയുടെ വിശദമായ രൂപരേഖ ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ പരിഗണനയിലാണ്.
ഈ മാസം തന്നെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ഹൈക്കോടതി അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്നും ബംഗളൂരു സ്വാമിജി ഗ്രൂപ്പ് ചെയര്മാന് ഗണശ്രാവണ്‍ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബംഗളൂരു ആസ്ഥാനമായ സ്വാമിജി ഗ്രൂപ്പാണു ചോറ്റാനിക്കര ദേവീക്ഷേത്രം അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്ര നഗരി പദ്ധതിയാണ് ചോറ്റാനിക്കരയില്‍ ഉയരുന്നത്. ക്ഷേത്രവും പരിസരവും ശില്പ ചാതുരിയോടെ പുനര്‍നിര്‍മിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സ്വാമിജി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
എഴുന്നൂറ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ക്ഷേത്ര നഗരി പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ഉദേശിക്കുന്നതെന്ന് ഗണശ്രാവണ്‍ പറഞ്ഞു.
500 കിടക്കകളുള്ള ആശുപത്രി
ക്ഷേത്ര നവീകരണത്തിനു പുറമെ അഞ്ഞൂറ് കിടക്കകളുള്ള ആശുപത്രി പദ്ധതിയും ഓര്‍ഫനേജ്, പുവര്‍ ഹോം പദ്ധതികളും നടപ്പാക്കും.
സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായിരിക്കും ഇതെന്നു പദ്ധതിയുടെ ആര്‍ക്കിടെക്റ്റ് ബി.ആര്. അജിത് പറഞ്ഞു.
റിംഗ് റോഡ്, ജല ശുദ്ധീകരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഗസ്റ്റ് ഹൗസുകള്‍, വിഐപി ഗസ്റ്റ് ഹൗസ്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, കല്യാണ മണ്ഡപം, ഓഡിറ്റോറിയം, അന്നദാന മണ്ഡപം എന്നിവയും നിര്‍മിക്കും.
ഭക്തര്‍ക്കായി പ്രത്യേക നടപ്പാതയും നിര്‍മിക്കും. അഞ്ച് കോടി രൂപ ചെലവില്‍ ക്ഷേത്രത്തിന് കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ നാല്‍പ്പത് അടി ഉയരമുള്ള സ്വര്‍ണ ഗോപുരങ്ങള്‍ നിര്‍മിക്കും.
വെട്ടുകല്ല് ഉപയോഗിച്ച് കേരളം വാസ്തുകലാ മാതൃകയിലായിരിക്കും ഗോപുരങ്ങള്‍ നിര്‍മിക്കുക.
കച്ചവടക്കാര്‍ക്കായി ക്ഷേത്രത്തിനു ചുറ്റും ഷോപ്പിംഗ് കോംപ്ലക്സുകള്‍ നിര്‍മിക്കും. 150 കോടി ചെലവില്‍ മുന്നൂറ് മുറികള്‍ വീതമുള്ള ഏഴ് ഗസ്റ്റ് ഹൗസുകള്‍, ഡ്രൈവര്‍മാര്‍ക്ക് വിശ്രമമുറി, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുമുണ്ടാകും.
കേരളീയ ശൈലിയിൽ നിർമാണം
മുന്നൂറ് കോടി രൂപ ചെലവിട്ടാണു ക്ഷേത്രത്തില്‍ സ്വര്‍ണം പതിപ്പിക്കുക. ക്ഷേത്രത്തിന് ചുറ്റും മൂന്ന് റിംഗ് റോഡുകള്‍ പണിയും.
ജനങ്ങളെ ഒരു തരത്തിലും ബാധിക്കാതെയും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിയുമാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും ഭാരവാഹികള്‍ വ്യക്തമാക്കുന്നു.
രണ്ട് പാലം, ഡ്രൈനേജ്, കരകൗശല വസ്തുക്കള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയും പദ്ധതി രൂപരേഖയിലുണ്ട്.
കേരളീയ ശൈലിയിലായിരിക്കും നിര്‍മാണ പ്രവൃത്തികള്‍. മ്യൂറല്‍ പെയിന്റിംഗുകള്‍ അടങ്ങുന്ന നവരാത്രി മണ്ഡപം ക്ഷേത്രത്തിലെ മുഖ്യ ആകര്‍ഷണമാകും.
രത്നവ്യാപാരിയായ ഗണശ്രാവൺ
കര്‍ണാടകയിലെ പ്രമുഖ ജോത്സ്യ, പുരോഹിത കുടുംബാംഗമാണു ഗണശ്രാവണ്‍. മികച്ച സംഗീതജ്ഞന് കൂടിയായ ഗണശ്രാവണ്‍ സ്വര്‍ണ, രത്ന വ്യാപാരിയാണ്.
നാല് വര്‍ഷം മുന്‍പ് ബിസിനസില്‍ തിരിച്ചടി നേരിട്ടപ്പോഴാണു ഗുരുവിന്റെ നിര്‍ദേശപ്രകാരം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്.
അത്ഭുതകരമായ ഉയര്‍ച്ചയാണു പിന്നീട് ബിസിനസില്‍ ഉണ്ടായത്. പിന്നീട് ചോറ്റാനിക്കരയില്‍ എത്തിയപ്പോഴെല്ലാം ബിസിനസില്‍ കൂടുതല്‍ അഭിവൃദ്ധി നേടാനായി.
ഇതോടെയാണു ബിസിനസ് ലാഭത്തിന്റെ ഒരു ഭാഗം ചോറ്റാനിക്കര ക്ഷേത്ര നവീകരണത്തിനായി നീക്കിവയ്ക്കാന്‍ ഗണശ്രാവണ്‍ തയാറായത്.