മൂവാറ്റുപുഴ: ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഐ മുൻ പ്രാദേശിക നേതാവിനെതിരേ പോലീസ് കേസെടുത്തു. രണ്ടാർ ബ്രാഞ്ച് മുൻ സെക്രട്ടറിയായ അഫ്സൽ തൊങ്ങനാലിനെതിരേയാണ് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കലിന്റെ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് എടുത്തിരിക്കുന്നത്.
സൈബർ സെല്ലിനും പരാതി നല്കിയിട്ടുണ്ട്. അതേസമയം സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഫ്സലിനെ നേരത്തെ തന്നെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നതായി മുനിസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറി കെ.എ. നവാസ് അറിയിച്ചു. അഫ്സലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
മൂവാറ്റുപുഴ കച്ചേരിത്താഴത്തുനിന്ന് ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് തടയുകയും തുടർന്നു ഡിവൈഎസ്പിക്കു നേതാക്കൾ പരാതി നല്കുകയും ചെയ്തു. ശക്തമായ നടപടി എടുത്തില്ലെങ്കിൽ വരും ദിനങ്ങളിൽ വൻപ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി പറഞ്ഞു.
ഡിസിസി സെക്രട്ടറി ഉല്ലാസ് തോമസ്, മാത്യൂസ് വർക്കി, സാബു പി.വാഴയിൽ, കെ. കെ ഉമ്മർ, കെ.ഒ ജോർജ്, ജോർജ് തെക്കുംപുറം, എൻ. രമേശ്, കെ.എം പരീത്, എം.എം ജോസഫ് എന്നിവർ നേതൃത്വം നൽകി. മഹാത്മാഗാന്ധിയെ അപമാനിച്ച പ്രാദേശിക സിപിഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്നു ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി.എൽദോസ് ആവശ്യപ്പെട്ടു.