ഗാന്ധിനഗർ: ദന്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ചു വീട്ടമ്മ മരിച്ചു. ഭർത്താവിനെ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പള്ളി പയ്യപ്പാടി വെട്ടത്ത് സോണി ഐപ്പിന്റെ ഭാര്യയും മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്സുമായ ജൂനിയ (31)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30നു പുതുപ്പള്ളി പയ്യപ്പാടി റോഡിൽ പയ്യപ്പാടി പൊയ്കയിൽപ്പടിയ്ക്കു സമീപമായിരുന്നു അപകടം.
സോണി- ജൂനിയ ദന്പതികൾ നിർമിക്കുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് അപകടം സംഭവിച്ചത്. ഖത്തറിലായിരുന്ന ഭർത്താവ് സോണി ഗൃഹപ്രവേശനത്തിനായി ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. ജോലിക്കുശേഷം നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തിയതായിരുന്നു ജൂനിയ.
ഇവിടെയുണ്ടായിരുന്ന ഭർത്താവ് സോണിക്കൊപ്പം തിരികെ വാടക വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിൽ തലയിടിച്ച് വീണ ജൂനിയ, സോണി എന്നിവരെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജൂനിയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സോണിയുടെ തലയ്ക്കാണു പരിക്കേറ്റിരിക്കുന്നത്. ജൂനിയയുടെ സംസ്കാരം പിന്നീട്. മക്കൾ: നിയാ ആൻ സോണി (ആറ്), ബോവസ് വി.സോണി (മൂന്നര). അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ ഏതു വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി കോട്ടയം ഈസ്റ്റ് എസ്ഐ മഹേഷ്കുമാർ അറിയിച്ചു.