ഗാന്ധിനഗർ: ആശുപത്രിയിൽ ഉപയോഗിക്കുന്ന ഐവി സെറ്റിലുണ്ടായിരുന്ന കോഡ് നന്പരും കന്പനിയുടെ ഫോണ് നന്പരും വച്ച് മിനിറ്റുകൾക്കകം ഒരു കേസിലെ പ്രതികളെ പിടികൂടി ഗാന്ധിനഗർ പോലീസ്. മനുഷ്യ മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പോലീസ് തെളിവ് ചികഞ്ഞെടുത്തത്. ആർപ്പൂക്കര പഞ്ചായത്തിലെ സൂര്യകവല- മണിയാപറന്പ് റോഡരികിലെ പാടത്ത് മനുഷ്യന്റെ ആന്തരിക അവയവങ്ങൾ ഉപേക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ഗാന്ധിനഗർ പോലീസ് മനിറ്റുകൾക്കകം പൊക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.30നാണ് മണിയാപറന്പ് റോഡിൽ യാക്കോബായ പള്ളിക്ക് സമീപം പാടശേഖരത്തിന്റെ സൈഡിലായി പ്ലാസ്റ്റിക് ബക്കറ്റിൽ ശരീര അവശിഷ്ടങ്ങൾ കണ്ടത്. പശുവിനെ കെട്ടാൻ പോയ ഒരു വീട്ടമ്മയാണ് ആദ്യം ബക്കറ്റിലെ അവശിഷ്ടങ്ങൾ കണ്ടത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയ ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ പഞ്ചായത്ത് മെന്പർ പ്രവീണിനെ അറിയിച്ചു.
പ്രവീണ് അറിയിച്ചതനുസരിച്ച് ഗാന്ധിനഗർ സി.ഐ അനുപ് ജോസും സംഘവും സ്ഥലത്തെത്തി. പോലീസിന്റെ ആവശ്യപ്രകാരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് അസിസ്റ്റന്റ് പ്രഫ. ഡോ ദീപുവും സംഘവും സ്ഥലത്തെത്തി അവയവങ്ങൾ പരിശോധിച്ച് മനുഷ്യന്േറതാണെന്ന് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എംബാം ചെയ്യുന്പോൾ ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്ന ആന്തരിക അവയവങ്ങളാണെന്ന് ഡോക്ടർമാർ സ്ഥീരീകരിച്ചു.
എന്തെങ്കിലും തുന്പ് കിട്ടുമോ എന്നറിയാനായി സിഐയും എസ്ഐ റെനീഷും പോലീസുകാരും അവശിഷ്ടങ്ങൾ ചികഞ്ഞ് വിശദമായ പരിശോധന നടത്തി. അപ്പോഴാണ് ആശുപത്രിയിൽ ഉപയോഗിക്കുന്ന ഐ.വി സെറ്റ് കണ്ടെത്തിയത്. ഉപകരണം നിർമിച്ച കന്പനിയുടെ പേരും ഫോണ് നന്പരും കോഡ് നന്പരും ലഭിച്ചു. ഈ കന്പനിയുടെ നന്പരിലേയ്ക്ക് വിളിച്ച് കോഡ് നന്പരിലുള്ള ആശുപത്രി സാധനങ്ങൾ എവിടെയാണ് വില്പന നടത്തിയതെന്ന് പോലീസ് അന്വേഷിച്ചു.
അപ്പോൾ തന്നെ ആശുപത്രിഏതെന്ന് വ്യക്തമായി. തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് ആന്തരിക അവയവങ്ങൾ മറവു ചെയ്യാനായി ആംബുലൻസ് ഡ്രൈവർമാരെ ഏൽപിച്ച കാര്യം അറിവായത്. തുടർന്ന ആംബുലൻസ് ഡ്രൈവർമാരെ പൊക്കി ചോദ്യം ചെയ്തതോടെ അവർ കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇതോടെയാണ് പോലീസിനും നാട്ടുകാർക്കും ആശ്വാസമായത്. പെട്ടെന്നുതന്നെ പോലീസ് ഇടപെട്ട് കാര്യങ്ങൾ നീക്കിയതാണ് കേസിന് ഉടൻ തുന്പുണ്ടാക്കാൻ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കിൽ മനുഷന്റെ ആന്തരിക അവയവം കണ്ടെത്തിയതിനെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ പ്രചരിക്കുമായിരുന്നു.
സിഐ അനൂപ് ജോസ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയ ഉടനെ വിവരം ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിനെയും ഡിവൈഎസ്പി ശ്രീകുമാറിനെയും അറിയിച്ചു. പിന്നീടുള്ള എല്ലാ നിർദേശങ്ങളും മേലധികാരികളാണ് നല്കിയത്. കണ്ടെത്തിയ ആന്തരിക അവയവങ്ങൾ ചികഞ്ഞു പരിശോധിച്ചില്ലായിരുന്നുവെങ്കിൽ തുന്പുകിട്ടാതെ പോലീസ് വലഞ്ഞേനേ. ഒടുവിൽ പ്രതിയെ കണ്ടെത്താതെ എഴുതി തള്ളുകയും ചെയ്യുമായിരുന്നു.
അടുത്ത നാളിൽ ലോട്ടറി വിൽപനക്കാരിയെ കൊലപ്പെടുത്തിയ കേസിലും മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി ഗാന്ധിനഗർ പോലീസ് മികവ് കാട്ടിയിരുന്നു. സിഐ അനൂപ് ജോസ്, എസ്ഐ റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച പോലീസ് ടീമിന്റെ ആത്മാർഥമായ അന്വേഷണത്തിലാണ് കേസുകൾ അതിവേഗം തെളിയിക്കാൻ സാധിക്കുന്നത്.
ഒപ്പം ജില്ലാ പോലീസ് ചീഫ് പി.എസ്.സാബു, ഡിവൈഎസ്പി ശ്രീകുമാർ എന്നിവരുടെ മേൽനോട്ടവും കൂടിയുണ്ട്. ആന്തരിക അവയവങ്ങൾ ഉപേക്ഷിച്ചവർക്കെതിരേ ശുദ്ധജലത്തിൽ വിഷാംശം കലർന്ന് ജനങ്ങൾക്ക് മാരകമായ അപകടം സംഭവിക്കാൻ സാധ്യതയുള്ള പ്രവർത്തി ചെയ്തുവെന്ന വകുപ്പിലാണ് കേസെടുത്തത്. പ്രതികൾ റിമാൻഡിലാണ്.