പയ്യന്നൂർ: രാഷ് ട്രപിതാവ് മഹാത്മജിയുടെ 150ാം ജൻമദിനം നാളെ. സ്വാതന്ത്ര്യ സമരത്തിന്റെ ഈടുവെപ്പുകളാൽ സന്പന്നമായ രണ്ടാം ബർദോളിയെന്ന അപരനാമത്താൽ അറിയപ്പെടുന്ന പയ്യന്നൂരിലും നാളെ ഓർമകൾ തിരതല്ലും.
സ്വാതന്ത്ര്യ സമരത്തിന്റെ ബാക്കിപത്രമായ പയ്യന്നൂർ ഗാന്ധിപാർക്കിൽ കാൽനൂറ്റാണ്ടിന്റെ കാലപ്പഴക്കത്താൽ ദ്രവിച്ചുപോയ ഗാന്ധി ശിൽപത്തിന്റെ സ്ഥാനത്ത് പുതിയ ഗാന്ധിശിൽപം ഇടം പിടിക്കുകയാണ്. പഴയ ശിൽപ്പത്തിനും ഗാന്ധി മൈതാനിക്കും ചാരം മൂടിക്കിടക്കുന്ന ഒരു ചരിത്രമുണ്ട്. പഴയകാലത്തെ നെൽവയൽ ഗാന്ധിമൈതാനിയായും ഗാന്ധിപാർക്കായും മാറിയ ചരിത്രം.
ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനം
95ന്റെ നിറവിലും സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടപൊതുവാളിന്റെ മനസിൽ തെളിമയാർന്ന ഓർമയാണീചരിത്രം. ഇപ്പോൾ പയ്യന്നൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിനിടയിലും അദ്ദേഹം ആ കഥ ഓർക്കുന്നു. 1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിൽ വന്നത്. അന്ന് പെരുന്പ പുഴയിലുണ്ടായിരുന്ന ചങ്ങാടത്തിലാണ് ഗാന്ധിജി വന്ന കാർ ഇക്കരെ കടത്തിയത്.
പിന്നീട് പോലീസ് സ്റ്റേഷന് പിന്നിലെ എൻ. ഗോപാല കൃഷ്ണ പ്രഭുവിന്റെ വീട്ടിലായിരുന്നു വിശ്രമവും ഉച്ചഭക്ഷണവും. തുടർന്ന് ആനന്ദതീർഥന്റെ ആശ്രമത്തിൽ സന്ദർശനം. അന്ന് ഗാന്ധിജി നട്ട മാവ് ഇപ്പോഴും അവിടെ പടർന്ന് പന്തലിച്ച് നിൽക്കുന്നു. ഇപ്പോഴത്തെ പഴയ ബസ്റ്റാന്റിന് മുന്പിലുണ്ടായിരുന്ന വയലിലാണ് അന്ന് ഗാന്ധിജി പ്രസംഗിച്ചത്. അന്ന് മിഷൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു അപ്പുക്കുട്ടപൊതുവാൾ.
ഗാന്ധിമൈതാനിയിലെ ഗാന്ധി പ്രതിമ
ഗാന്ധിജി രക്തസാക്ഷിത്വം വരിച്ച 1948ൽതന്നെ പയ്യന്നൂരിൽ ഗാന്ധി സ്മാരക നിർമ്മാണ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയംഗംങ്ങളും പയ്യന്നൂരിലെ വ്യവസായ പ്രമുഖരുമായ കണ്ണോത്ത് കുഞ്ഞിരാമൻ നായർ, ഉപേന്ദ്ര ഷേണായി, കാന്പ്രത്ത് കുഞ്ഞിക്കണ്ണ പൊതുവാൾ, എസ്. മുഹമ്മദ് തുടങ്ങിയവർ ചേർന്നാണ് ഈ വയൽ വാങ്ങി മണ്ണിട്ട് നികത്തിയത്.
ഗാന്ധി സ്മാരക മന്ദിരം, ടൗണ്ഹാൾ എന്നിവയും മന്ദിരത്തിന് മുന്നിലായി ഗാന്ധി പ്രതിമയും സ്ഥാപിച്ച് മഹാത്മജിയുടെ സ്മരണ നിലനിർത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഗാന്ധി സ്മാരക നിർമാണ കമ്മിറ്റിയും രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. അഖിലേന്ത്യാ ഗാന്ധി സ്മാരക സമിതി ഗാന്ധി സ്മാരക നിധി സമാഹരണം ആരംഭിച്ചതോടെ പയ്യന്നൂരിൽ ഗാന്ധി സ്മാരകം നിർമിക്കാനുള്ള മോഹം അസ്തമിച്ചു.
പയ്യന്നൂർ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട സുബ്രഹ്മണ്യ ഷേണായി ആവശ്യപ്പെട്ട പ്രകാരം ഈ സ്ഥലം പ്രതിഫലം വാങ്ങാതെ പഞ്ചായത്തിന് കൈമാറി. പിന്നീടാണ് ഇത് പൊതുയോഗങ്ങളുടെ വേദിയായി മാറിയത്.
കാലങ്ങൾ പിന്നിട്ടപ്പോൾ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി. കെ.ജി .മല്ലർ പ്രസിഡന്റും വി.പി. അപ്പുക്കുട്ടപൊതുവാൾ സെക്രട്ടറിയുമായ പ്രതിമ നിർമാണ കമ്മിറ്റിയുടെ ആവശ്യപ്രകാരം ഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള അനുമതി നഗരസഭ നൽകിയതിനെ തുടർന്ന് പിന്നീട് അതിനുള്ള ശ്രമങ്ങളാണ് നടന്നത്.
പ്രതിമ നിർമാണത്തിനായി പ്രശസ്ഥ ശിൽപ്പി കാനായി കുഞ്ഞിരാമൻ സ്ഥലപരിശോധന നടത്തിയെങ്കിലും തിരക്കുകൾ കാരണം അദ്ദേഹത്തിന് പ്രതിമ നിർമാക്കാനായില്ല. ഇതേ തുടർന്ന് തിരുവനന്തപുരത്തെ വിദഗ്ദശിൽപി ടി.പി. നായരെയാണ് പ്രതിമയുടെ നിർമാണം ഏൽപ്പിച്ചത്.ശിൽപത്തിനായി കളിമണ്ണ് കൊണ്ടുള്ള മോൾഡുണ്ടാക്കിയത് കോഴിക്കോട് നിന്നാണ്. അതിനിടയിൽ ശിൽപിയുടെ ഭാര്യയും മകനും മരിച്ചതോടെ പ്രതിമ നിർമാണവും നിലച്ചു. പിന്നീട് 1992ലാണ് മൂന്ന് ഭാഗങ്ങളായി പ്രതിമയുടെ നിർമാണം പൂർത്തീകരിച്ചത്.
ശിൽപിയുടെ രക്തംകൊണ്ടൊരു പ്രതിമാ സ്ഥാപനം
വളരെ ആഘോഷത്തോടെ ഗാന്ധിമൈതാനിയിലേക്ക് കൊണ്ടുവന്ന ഗാന്ധിപ്രതിമ 1994 എപ്രിൽ 13ന് അന്നത്തെ സിവിൽ സപ്ലൈസ് മന്ത്രി എ.കെ.ആന്റണിയാണ് നാടിന് സമർപ്പിച്ചത്. ശിൽപി ടി.പി. നായരുടെ രക്തവും കൂട്ടിക്കുഴച്ചാണ് പ്രതിമ സ്ഥാപിച്ചതെന്ന് അപ്പുക്കുട്ട പൊതുവാൾ ഓർക്കുന്നു.
പ്രതിമ സ്ഥാപിക്കുന്പോൾ ചുറ്റിക കൊണ്ട് കരിങ്കല്ലടിച്ച് പൊട്ടിക്കുന്നതിനിടയിലായിരുന്നു ആ സംഭവം .കരിങ്കൽ ചീള് തെറിച്ച് കാലിൽ നിന്നുണ്ടായ രക്തസ്രാവം നിയന്ത്രണാതീതമായിരുന്നു. എന്നിട്ടും അത് വകവെക്കാതെയാണ് രക്തമൊഴുകുന്ന കാലുമായി എട്ടടി ഉയരമുള്ള പീഠത്തിൽ ശിൽപി പ്രതിമ സ്ഥാപിച്ചത്.
ചരിത്രത്തിന്റെ നേർ സാക്ഷ്യമായ ഈ ഗാന്ധിമൈതാനിയാണ് സംസ്ഥാന ടൂറിസം വകുപ്പ് മോടിപിടിപ്പിച്ച് ഗാന്ധിപാർക്കാക്കി മാറ്റിയത്. 2006 ഫെബ്രവരി 27ന് ടൂറിസം വകുപ്പ് മന്ത്രി കെ.സി. വേണുഗോപാലാണ് ഗാന്ധിപാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
നാളെ നാടിനായി സമർപ്പിക്കുന്ന പത്തടി ഉയരമുള്ള പുതിയ പ്രതിമ നിർമ്മിച്ചത് യുവശിൽപി ഉണ്ണി കാനായിയാണ്. നാളെ വൈകുന്നേരം അഞ്ചിന് പുതിയ പ്രതിമയുടെ അനാഛാദനം ഗാന്ധിപാർക്കിൽ മന്ത്രി എ.കെ.ബാലൻ നിർവ്വഹിക്കും.