ഭോപ്പാൽ: ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനു നേരെ സമൂഹ്യദ്രോഹികളുടെ അധിക്ഷേപം. മധ്യപ്രദേശിലെ റീവ ജില്ലയിലെ ബാപ്പു ഭവനിൽ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കുകയും പ്രതിമ നശിപ്പിക്കുകയും ചെയ്തു.
ലക്ഷ്മണ് ബാഗിലെ ബാപ്പു ഭവനിലാണ് അക്രമം നടന്നത്. ചിതാഭസ്മം മോഷ്ടിച്ച അജ്ഞാതർ ഗാന്ധിജി രാജ്യദ്രോഹിയെന്നു പ്രതിമയുടെ ചുവട്ടിൽ എഴുതിവയ്ക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150-ാം ജൻമവാർഷികദിനത്തിൽ ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ റീവ ജില്ലാ കോണ്ഗ്രസ് പ്രസിഡന്റ് ഗുർമീത് സിംഗും സഹപ്രവർത്തകരുമാണ് ഇതാദ്യം കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ ചിതാഭസ്മവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഗുർമീത് സിംഗിന്റെ പരാതിയിൻമേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 153 ബി, 504, 505 വകുപ്പുകൾ പ്രകാരമാണു കേസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ബാപ്പു ഭവനിലെയും പരിസരങ്ങളിലെയും സിസിടിവി പരിശോധിക്കുകയാണെന്നും റീവ പോലീസ് സൂപ്രണ്ട് ആബിദ് ഖാൻ പറഞ്ഞു.