സ്വന്തം ലേഖകൻ
പയ്യന്നൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണ നിലനിര്‍ത്താനും ഗാന്ധിദര്‍ശനങ്ങള്‍ പുതുതലമുറയ്ക്ക് പകരാനും പയ്യന്നൂരിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഖാദി-ഗാന്ധി മ്യൂസിയം തറക്കല്ലിൽ ഒതുങ്ങുമോ..? മഹാത്മജിയുടെ 150 -ാം ജന്മവാര്‍ഷികം നാടെങ്ങും ആഘോഷിക്കുമ്പോള്‍ പയ്യന്നൂരിൽ ഗാന്ധിയുടെ ഓർമകൾ ഗാന്ധിമാവിലും ഉപ്പുസത്യഗ്രഹം നടന്ന ഉളിയത്ത്കടവിലും പിന്നീട് ഗാന്ധിപാര്ക്കായി മാറിയ ഗാന്ധി മൈതാനിയിലും വാഹനങ്ങള്‍ തു രുന്പിക്കുന്ന പോലീസ് മൈതാനിയിലും ചരിത്രഗ്രന്ഥങ്ങളിലും ഒതുങ്ങുകയാണ്.
2013 ഒക്ടോബര്‍ ഒമ്പതിനാണ് കേന്ദ്ര അഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഒന്നരക്കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതി ആറു വര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ത്തന്നെ. ഖാദിയുടെ പാരമ്പര്യവും സ്വാതന്ത്ര്യസമരത്തിലെ ഖാദിയുടെ പങ്കും പിന്നീടുണ്ടായ വികാസപരിണാമങ്ങളും സജ്ജീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.
അതിനായി മഹാത്മാഗാന്ധി നൂല്‍നൂല്‍ക്കുന്നതിന് ഉപയോഗിച്ച രണ്ടുകതിര് ചര്‍ക്ക മുതല്‍ പന്ത്രണ്ട് കതിര് ചര്ക്കവരെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും പദ്ധതിയിട്ടിരുന്നു.കുഴിത്തറി മുതലുള്ള പതിനെട്ടോളം ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്നു പ്രചാരണം. ഖാദിയെ സംബന്ധിച്ച പഠനഗ്രന്ഥങ്ങള്‍, വിശകലന ഗ്രന്ഥങ്ങള്‍, ഗാന്ധിയന്‍ ചിന്തകള്‍, ജീവിതരീതി, ദര്‍ശനങ്ങള്‍, അപൂര്‍വ ചിത്രങ്ങള്‍, ഓയില്‍ പെയിന്റിംഗുകള്‍, ഗാന്ധിജിയുടെ സംഭാഷണങ്ങള്‍ എന്നിവയുടെ ശേഖരങ്ങളുമായി മ്യൂസിയമൊരുക്കാനും പദ്ധതിയിട്ടിരുന്നു.
പോര്‍ബന്തര്‍,സബര്‍മതി ആശ്രമം, വാര്‍ധ എന്നിവിടങ്ങളില്‍ നിന്ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട വിശിഷ്ട സാധനസാമഗ്രികള്‍ മ്യൂസിയത്തിലെത്തിക്കുമെന്നും രണ്ടാം ഘട്ടമായി കോറോത്ത് മൂന്നേക്കര്‍ സ്ഥലത്ത് സ്വാശ്രയ ഗാന്ധിഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
സുവര്‍ണ ജൂബിലി മന്ദിരത്തിലെ 5500 സ്ക്വയര്‍ ഫീറ്റ് സ്ഥലത്ത് സ്ഥാപിക്കാന്‍ ആദ്യം പദ്ധതിയിട്ട ഖാദി-ഗാന്ധി മ്യൂസിയം പിന്നീട് നാലുപതിറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കെട്ടിടം അറ്റകുറ്റപ്പണി ചെയ്ത് അതിലേക്ക് മാറ്റുകയായിരുന്നു. കെട്ടിട ഉദ്ഘാടനം കെട്ടിടത്തിന്റെ നടുവിലുണ്ടായിരുന്ന ഗാന്ധി പ്രതിമ കിഴക്കേയറ്റത്തെ മുറിയിലേക്ക് മാറ്റി സ്ഥാപിച്ചതിൽ ഒതുങ്ങി.