വടകര: ഗാന്ധി പ്രതിമകള്‍ പരിപാലിക്കുമ്പോള്‍ വടകര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷിന് എന്തെന്നില്ലാത്ത ആവേശവും അഭിമാനവും. പോലീസ് സ്റ്റേഷനു മുറ്റത്തെയും നഗരഹൃദയത്തിലെ അഞ്ചു വിളക്ക് ജംഗ്ഷനിലെയും ഗാന്ധിയുടെ പ്രതിമകള്‍ വൃത്തിയായി നിലനിര്‍ത്തുന്ന കാര്യത്തില്‍ അനീഷ് എന്ന പോലീസുകാരന് ഏറെ ജാഗരൂകനാണ്.
വെള്ളിയാഴ്ചകളില്‍ രാവിലെ പരേഡ് കഴിഞ്ഞാല്‍ അനീഷ് പോലീസ് സ്റ്റേഷന് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കരികില്‍ എത്തും. പൈപ്പില്‍ നിന്നു വെള്ളമെടുത്ത് പ്രതിമ കഴുകി വൃത്തിയാക്കും. പൊടിപടലങ്ങളൊന്നുമില്ലാതെ പ്രൗഢിയോടെ ഗാന്ധിപ്രതിമ നിലനിര്‍ത്താന്‍ ക്ലീനിംഗ് സഹായിക്കുന്നു.
ഇതിനു ശേഷം കോടതി ഡ്യൂട്ടിക്കു പോകുമ്പോള്‍ അഞ്ചുവിളക്ക് ജംഗ്ഷനിലെ ഗാന്ധിപ്രതിമയിലും അനീഷിന്റെ നോട്ടമെത്തും. ഇവിടെ മഹാത്മജിക്ക് അര്‍പ്പിക്കുന്ന ഹാരങ്ങള്‍ ഉണങ്ങി വൃത്തികേടായിരിക്കും. ഇവ നീക്കം ചെയ്ത് രാഷ്ട്രപിതാവിനു സല്യൂട്ടും നല്‍കിയാണ് അനീഷ് മടങ്ങുക. അനീഷിന്റെ ഈ പ്രവൃത്തി സഹപ്രവര്‍ത്തകരുടെയും മറ്റും അഭിനന്ദനം പിടിച്ചുപറ്റുകയാണ്.