അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്കരിച്ച നേതാവിനെ ഹിന്ദു മഹാസഭ ആദരിച്ചു . ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശികാണ് ദേശീയ സെക്രട്ടറിയായ പൂജാ പാണ്ഡേയ്ക്ക് വാളും ഭഗവത്ഗീതയും നല്കി ആദരിച്ചത്. ഗാന്ധിവധം പുനരാവിഷ്കരിച്ചത് തെറ്റല്ലെന്നും ചിലര്‍ അതിനെ വിവാദമാക്കിയതാണെന്നും കൗശിക് പറഞ്ഞു.
ഗാന്ധിവധം പുനരാവിഷ്കരിച്ച 30 പ്രവര്‍ത്തകരെയും ഹിന്ദു മഹാസഭ ആദരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയിരുന്നത്. ഗാന്ധിവധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രൂരമായ ആവിഷ്കാരം നടന്നത്.
പൂജ പാണ്ഡെയാണ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ വെടിയുതിര്‍ത്തത്. ഇതിനു ശേഷം ഗോഡ്സെയുടെ പ്രതിമയില്‍ പൂമാലയിടുകയും, മധുരം വിതരണം ചെയ്യുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് പൂജയേയും ഭര്‍ത്താവിനേയും പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.