പത്തനാപുരം: ഉള്‍വനത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്ന അജ്ഞാത യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ഗാന്ധിഭവനില്‍ എത്തിച്ചു. കോന്നി വനം ഡിവിഷനില്‍ കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ നിരത്തുപാറയിലാണ് മാനസിക വൈകല്യത്താല്‍ അലഞ്ഞു നടന്ന യുവാവിനെ ആദിവാസി വാച്ചര്‍മാര്‍ കണ്ടത്.
ഇയാള്‍ക്ക് 35 വയസ് തോന്നിക്കും. വിവരം അറിഞ്ഞ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി കെ ഷാജിയുടെ നേതൃത്വത്തില്‍ വനം ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ വനത്തില്‍ നിന്ന് ഗാന്ധിഭവനില്‍ എത്തിച്ചത്.
വന്യജീവികളുടെയിടയില് നിന്നാണ് ഇയാളെ മോചിപ്പിച്ചതെന്നും ഇയാളെ കണ്ടെത്തിയ സ്ഥലത്തിനടുത്ത് കാട്ടുപോത്തുകള്‍ ഉണ്ടായിരുന്നതായും ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞു.
സി കെ ഷാജിയോടൊപ്പം ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അരുണ്‍കുമാര്‍, അജീഷ് എം, ഷിനോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് യുവാവിനെ ഗാന്ധിഭവന് ഏറ്റെടുത്തത്.