രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം ആഘോഷിക്കുകയാണു രാജ്യം. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീർത്ത് ലോകരാജ്യങ്ങൾക്കു മാതൃകയായി മാറിയ മഹാവ്യക്തിത്വമാണ് ഗാന്ധിജിയെന്ന് ദേശീയ നേതാക്കൾ സ്മരിച്ചു.
ആദരണീയനായ ബാപ്പുവിന്റെ ജീവിതവും സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ആദർശങ്ങളും രാജ്യത്തെ ജനങ്ങൾക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് എക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
മഹാത്മജി സത്യത്തിന്റെയും അഹിംസയുടെയും തത്ത്വങ്ങൾ അചഞ്ചലമായി പിന്തുടർന്നു. ലോകമെമ്പാടുമുള്ള തലമുറകളെ പ്രചോദിപ്പിച്ച മഹാത്മാവ് ആണ് രാഷ്ട്രപിതാവ് എന്നും മോദി പറഞ്ഞു.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. രാജ്യത്തിന്റെ സൈനികർക്കും കർഷകർക്കും അഭിമാനത്തിനുമായി തന്റെ ജീവിതം ശാസ്ത്രി സമർപ്പിച്ചു. ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന മുദ്രാവാക്യം ഉയർത്തിയ ശാസ്ത്രി, ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും മാതൃകയാണെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.