തിരുവനന്തപുരം: അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത ഗാന്ധിമതി ബാലൻ എന്ന ചലച്ചിത്ര നിർമാതാവ് മലയാള സിനിമാ ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരുപറ്റം ക്ലാസിക് സിനിമകൾ സമ്മാനിച്ചാണ് യാത്രയാവുന്നത്.
ഗാന്ധിമതി എന്നത് ബാലന്റെ അമ്മയുടെ പേരായിരുന്നു. അമ്മയ്ക്ക് ആ പേര് നല്കിയത് മഹാത്മാ ഗാന്ധിയായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡ് ആയി മകൻ വളർത്തിയെടുത്തു. ആ മകനിൽനിന്ന് മലയാള കരയിൽ പിറന്നുവീണത് 30ലധികം ക്ലാസിക് ചലച്ചിത്രങ്ങൾ.
മലയാളത്തിന്റെ അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ ചെയ്തത്. ഒരുമിച്ച് ഒരുമുറിയിൽ കിടന്നുറങ്ങി. എന്തിനും ഏതിനും പത്മരാജനൊപ്പം ബാലനുണ്ടായിരുന്നു.
ബാലനും പത്മരാജനും സന്തതസഹചാരികളായി. പദ്മരാജന്റെ ആകസ്മിക മരണം ബാലനെ വല്ലാതെ തളർത്തി. സിനിമാ മേഖലയിൽനിന്നു പിൻവാങ്ങാൻ അതും ഒരു കാരണമായി.
മലയാളത്തിന്റെ എക്കാലത്തേയും മികച്ച താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് ഒരേ പോലെ ഏറ്റവും കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു.
ത്രില്ലിംഗ് സിനിമകളായ സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയറ്റർ ഉടമ ആയിരുന്നു. കലാമൂല്യമുള്ള സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചതിൽ മുൻപന്തിയിലാണ് ഗാന്ധിമതി ബാലന്റെ സ്ഥാനം.
ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്കാരിക വേദികളിലെ നിറസാന്നിധ്യം ആയിരുന്നു ബാലൻ. പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും ഇദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞു.
ആദ്യ സിനിമയായ ഇത്തിരി നേരം ഒത്തിരി കാര്യം മുതൽ പഞ്ചവടിപ്പാലവും തൂവാനത്തുന്പികളും മണിവത്തൂരിലെ ആയിരം ശിവരാത്രികളും ഈ തണുത്ത വെളുപ്പാൻ കാലത്തും പത്താമുദയവുമെല്ലാം കേരളക്കരയുടെ ആസ്വാദക മനസ് സ്വീകരിച്ചു.
ചലച്ചിത്ര നിർമാണ മേഖലയിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ജീവിതമായിരുന്നില്ല ബാലന്റേത്. മികച്ച ഒരു സംരംഭകൻ കൂടിയായിരുന്ന ബാലന് സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രായം ഒരു വെല്ലുവിളിയേ അല്ലെന്ന നിലപാടായിരുന്നു. അതിനുദാഹരണമാണ് 63-ാംവയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കന്പനി സ്ഥാപിച്ച വിജയിപ്പിച്ചെടുത്തത്.
ഇവന്റ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കന്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച് തന്റെ സംഘാടക മികവും തെളിയിച്ചു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.