ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ബസ് സ്റ്റാൻഡ് പരിസരത്തെ വിവിധ ഹോട്ടലുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിന്ന് തോട്ടിലേക്ക് തള്ളുന്ന കക്കൂസ്, ഹോട്ടൽ മാലിന്യങ്ങൾ എന്നിവ ഒഴുകിപ്പോകാതെ കുഴന്പ് രൂപത്തിൽ കെട്ടിക്കിടക്കുന്നു. ദുർഗന്ധത്തിന് പുറമേ കൊതുകിന്റെയും ഈച്ചയുടെയും ശല്യം കാരണം ഭക്ഷണം കഴിക്കാനാവാത്ത സ്ഥിതിയിലാണ് പരിസര വാസികൾ.
മീനച്ചിലാറ്റിലേക്ക് മലിനജലം ഒഴുകിപ്പോകുന്ന മുണ്ടാർ തോട് പൂർണമായി തട്ടുകടകളിലെയും, ചില ഹോട്ടലുകളിലെയും പാൽ കവർ, കുപ്പികൾ, സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യങ്ങൾ ഇവ കൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ ചില ഭാഗത്തു കൂടി മാത്രമേ മലിനജലം ഒഴുകിപ്പോകുന്നുള്ളു. ദുർഗന്ധം വമിക്കുന്ന ഈ മലിനജലത്തിൽ കൊതുകുകളും ഈച്ചകളും പെരുകുകയാണ്.
തോട് കടന്നുപോകുന്നതിന്റെ രണ്ടു വശങ്ങളിലായി താമസിക്കുന്ന നൂറിൽപ്പരം വീട്ടുകാരുടെ കിണറുകളിലെ കുടിവെള്ളവും മലിനപ്പെട്ടു. നാട്ടുകാർ നൽകുന്ന പരാതികളിൽപ്പോലും ശാശ്വതമായ ഒരു അന്വേഷണവും നടക്കുന്നില്ല. 2005ൽ ഈ പ്രദേശത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു ഡോക്ടർ അടക്കം അഞ്ചുപേർ മരണപ്പെട്ടതാണ് നാട്ടുകാരെ ആശങ്കാകുലരാക്കുന്നത്.
കൊതുകിന്റെയും ഈച്ചയുടേയും ശല്യം രുക്ഷമായതും മാലിന്യവെള്ളം കെട്ടിക്കിടക്കുന്നതും പകർച്ചവ്യാധി രോഗത്തിന് സാധ്യത വർധിപ്പിക്കുന്നു. അഞ്ചു പേർ മരണപ്പെട്ടതിന്നെ തുടർന്ന് വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം നിർമിച്ച മാലിന്യ സംസ്കരണ പ്ലാന്റ് തുരുന്പ് പിടിച്ച് പൂർണമായും നശിച്ചു.
അതിനാൽ മുഴുവൻ മാലിന്യങ്ങളും തോട്ടിലൂടെ ഒഴുക്കിവിടുകയാണ്.
ഈ മലിനജലം ചെന്നുചേരുന്നത് മീനച്ചിലാറ്റിൽ ആർപ്പൂക്കര പഞ്ചായത്തിലെ ചില വാർഡുകളിലേക്കുള്ള ശുദ്ധജലം വിതരണം ചെയ്യുന്ന സ്ഥലത്താണ്. തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടരുതെന്ന് നിരവധി തവണ പറഞ്ഞിട്ടും അംഗീകരിക്കുവാൻ പലരും തയ്യാറാകുന്നില്ലെന്ന വാർഡ് കൗണ്‍സിലർ പി.ചന്ദ്രകുമാർ പറഞ്ഞു.
പ്രദേശത്ത് ഉൾപ്പെടെ മൂന്ന് സ്വീവേജ് പ്ലാന്റ് നിർമാണത്തിന് ടെൻഡർ വിളിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ലന്നും മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ 52-ാം വാർഡിൽ കൂടി കടന്നു പോകുന്ന ഭാഗത്തെ തോടുകളിലെ മാലിന്യം നീക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കൗണ്‍സിലർ പറഞ്ഞു.