ഗാന്ധിനഗർ: കാമുകിയെ നഷ്ടപ്പെടാതിരിക്കാൻ ഓട്ടോറിക്ഷ ഡ്രൈവർ ക്വട്ടേഷൻ നല്കിയ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. രണ്ടു പേർ അറസ്റ്റിലായ കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് ഓട്ടം വിളിച്ചു കൊണ്ടുവന്നശേഷം ഡ്രൈവറെ മർദ്ദിക്കുകയും ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതു പ്രണയ ക്വട്ടേഷനാണെന്ന വിവരം പുറത്തറിഞ്ഞത്.
പാലാ പൂവരണി കല്ലുവെട്ടാംകുഴി അഖിലി(21)നെയാണു മർദ്ദിച്ചശേഷം ഓട്ടോറിക്ഷ കത്തിച്ചത്. ഓട്ടോറിക്ഷ കത്തിച്ച കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണു (27), കത്തിക്കാൻ ക്വട്ടേഷൻ നൽകിയ പൊൻകുന്നം സ്വദേശി ഓട്ടോ ഡ്രൈവർ വൈശാഖ് എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇവർ റിമാൻഡിലാണ്. പ്രതികൾക്കെതിരെ മറ്റു കേസുകളില്ലെന്ന് പോലീസ് പറഞ്ഞു.ഓട്ടോ ഡ്രൈവർമാരായ അഖിലും വൈശാഖും ഒരേ പെണ്കുട്ടിയേയാണ് പ്രണയിച്ചിരുന്നത്. ഇതിനെചൊല്ലി ഇവർ പരസ്പരം വാക്കുതർക്കവും ഉണ്ടാക്കിയിരുന്നു.
അഖിൽ വൈശാഖിനോടും വൈശാഖ് അഖിലിനോടും ഈ പ്രണയത്തിൽ നിന്നും പിൻമാറണമെന്നു പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പ്രണയത്തിൽ നിന്നും പിൻമാറാൻ രണ്ടു പേരും തയാറായിരുന്നില്ല.ഒടുവിൽ പെണ്കുട്ടിയെ അഖിൽ തട്ടിയെടുക്കുമെന്നുള്ള വൈശാഖിന്റെ ഭയത്തിൽ നിന്നാണ് ക്വട്ടേഷൻ നല്കാമെന്ന് തീരുമാനിച്ചത്.
നാളുകളായി ആലോചിച്ച് ഉറപ്പിച്ചശേഷം വൈശാഖ് സുഹൃത്ത് വിഷ്ണുവിനു ക്വട്ടേഷൻ നല്കുകയായിരുന്നു.ഓട്ടോറിക്ഷ ഡ്രൈവറായതിനാൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടംവിളിച്ചശേഷം മർദിച്ച് അവശനാക്കിയശേം വാഹനം കത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇതിനുള്ള പദ്ധതികൾ പ്രതികൾ രണ്ടു പേരും ചേർന്നാണ് തയാറാക്കിയത്. തുടർന്നാണ് കഴിഞ്ഞ ദിവസം മുൻകൂട്ടി പദ്ധതി തയാറാക്കിയതു പോലെ വിഷ്ണു കോട്ടയം മെഡിക്കൽ കോളജിലേക്ക് ഓട്ടോറിക്ഷ വിളിച്ചത്.ഓട്ടോറിക്ഷ മെഡിക്കൽ കോളജിൽ എത്തിയപ്പോൾ അഖിലിനെ ആശുപത്രിക്കുസമീപം വാഹനം പാർക്ക് ചെയ്യിപ്പിച്ചശേഷം ഇറങ്ങിപ്പോയി.
പിന്നീട് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന് സമീപത്തെ സ്റ്റാൻഡിൽനിന്നും മറ്റൊരു ഓട്ടോറിക്ഷ വിളിച്ചു. താൻ വന്ന വാഹനത്തിന്റെ പെട്രോൾ തീർന്നുവെന്നു കള്ളം പറഞ്ഞാണ് സമീപത്തെ പന്പിൽനിന്നും പെട്രോൾ വാങ്ങിയത്. അതിനുശേഷം വീണ്ടും അഖിലിന്റെ സമീപത്ത് എത്തി.
വാഹനം മെഡിക്കൽ കോളജ് അതിരന്പുഴ റോഡിലേക്ക് പോകാൻ ആവശ്യപ്പെട്ടു.മുടിയൂർക്കര ജംഗ്ഷനിലെത്തിയപ്പോൾ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിലേക്കുള്ള റോഡുവഴി പോകാൻ പറഞ്ഞു. ക്വാർട്ടേഴ്സുകളൊന്നും ഇല്ലാത്ത ഭാഗത്ത് എത്തിയ വാഹനം നിർത്തിയപ്പോൾ പുറകിലിരുന്ന വിഷ്ണു അഖിലിന്റെ കഴുത്തിനു പിടിച്ചു മർദ്ദിച്ചു.
പിടിവലിക്കിടയിൽ അഖിൽ ഓടി. വിഷ്ണു പിന്നാലെ ഓടിയെങ്കിലും കാലിന് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അമിതവേഗത്തിൽ പിന്നാലെ ഓടാൻ വിഷ്ണുവിന് കഴിഞ്ഞില്ല.തുടർന്നു കൈയ്യിൽ കരുതിയിരുന്ന പെട്രോളും ആസിഡും ഒഴിച്ചു വാഹനം കത്തിക്കുകയായിരുന്നു.
അക്രമിയിൽനിന്ന് ഓടി വഴിയിൽ എത്തിയ അഖിൽ നാട്ടുകാരോട് വിവരം പറയുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസ് എത്തി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന വിഷ്ണുവിനെ പിടികൂടി. തുടർന്നു വൈശാഖിനെയും പിടികൂടി.