ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള ടാക്സി സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാനെത്തിയ ആർപ്പൂക്കര പഞ്ചായത്ത് അധികൃതരും പോലീസും തമ്മിൽ തർക്കം.പഞ്ചായത്തിനെ സഹായിക്കേണ്ട പോലീസ് ടാക്സിക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു തർക്കം.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ടാക്സി സ്റ്റാന്റ് മാറ്റാൻ വന്നതെന്നും, ഇതു സംബന്ധിച്ച് പോലീസിന്റെ സഹായം ആവശ്യപ്പെട്ട് ജില്ലാ പോലീസ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചനും, മുൻ പ്രസിഡന്റ് ജസ്റ്റിൻ ജോസഫും പറഞ്ഞു.
എന്നാൽ, ഒഴിപ്പിക്കുന്നതിനുള്ള തീയതി കോടതി പറഞ്ഞിട്ടില്ലെന്നും ഒഴിപ്പിക്കലിന് മുൻപ് എതിർകക്ഷിക്ക് നോട്ടീസ് നൽകാതിരുന്നതെന്താണെന്നും പോലീസ് ചോദിച്ചു. ഒൗദ്യോഗിക സ്റ്റാന്റ് അല്ലാത്തതിനാൽ നിയമപരമായി നോട്ടീസ് നൽകാൻ കഴിയില്ലെന്നും, ടാക്സി ഡ്രൈവർമാരോട് വിവരം വാക്കാൽ പറഞ്ഞിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചു.
തുടർന്ന് പോലീസ് പിൻവാങ്ങുകയും ടാക്സി ഡ്രൈവർമാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും തമ്മിൽ സംസാരിച്ച് ധാരണ ആകുകയും ചെയ്തു.മെഡിക്കൽ കോളജ് മോർച്ചറി ഗെയിറ്റിന് എതിർവശത്തുള്ള ടാക്സി സ്റ്റാന്റാണ് ഇപ്പോൾ മാറ്റുന്നത്.
ആർപ്പൂക്കര പഞ്ചായത്ത് വക സ്ഥലത്താണ് ടാക്സി, ഓട്ടോറിക്ഷ, ആംബുലൻസ് സ്റ്റാന്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഒൗദ്യോഗിക അംഗീകാരം ഇല്ലാത്തതിനാൽ, ഇവരിൽ നിന്നും നികുതി ഈടാക്കാൻ പഞ്ചായത്തിന് കഴിയുന്നില്ല.
അതിനാൽ, ഇപ്പോൾ സ്റ്റാന്റുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പുതിയ കെട്ടിട നിർമാണം നടത്തേണ്ടതിനാൽ ടാക്സികാർക്കായി ഇപ്പോൾ പ്രവർത്തിക്കുന്ന സ്റ്റാന്റിൽ നിന്നും അല്പംമാറി വാഹനം പാർക്ക് ചെയ്യുവാൻ അവസരം നൽകാമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശം ഡ്രൈവർമാർ അംഗീകരിച്ചു.
പിന്നീട് ടാക്സിക്കാർക്കായി പ്രത്യേക പാർക്കിംഗ് ഏരിയ നിർമിച്ചു തരാമെന്നും നിലവിലുള്ള യൂണിയനുകൾ ടേണ് അനുസരിച്ച് ടാക്സി വാഹനം പാർക്കു ചെയ്യാമെന്നും ധാരണയായിട്ടുണ്ട്.