ഗാന്ധിനഗർ: തോട്ടിലെ മാലിന്യം ജനജീവിതത്തെ ബാധിച്ചതോടെ നാട്ടുകാർ സംഘടിച്ചു. ഇനി സഹിക്കാനാവില്ല. പരിഹാരമുണ്ടാകുന്നതുവരെ സമര മാർഗം സ്വീകരിക്കാൻ നഗരസഭ 52-ാം വാർഡിലെ നൂറിലധികം വീട്ടുകാർ തീരുമാനിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി ഏപ്രിൽ നാലിന് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ നാട്ടുകാർ ചേർന്നു രൂപീകരിച്ച ഗാന്ധിനഗർ പൗരസേവാ സമിതി തീരുമാനിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ ചില ഹോട്ടലുകൾ, ഹോസ്റ്റലുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ നിന്നും സമീപത്തെ മുണ്ടാർ തോട്ടിലേക്ക് ഒഴുക്കിവിടുന്ന മാലിന്യമാണ് പരിസര വാസികളെ വലയ്ക്കുന്നത്. കക്കൂസ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യം, തട്ടുകടകളിൽ നിന്നും ഓടകളിലൂടെ ഒഴുക്കിവിടുന്ന പാൽ കവറുകൾ എന്നിവ ഒഴുകിപ്പോകാതെ കുഴന്പ് രൂപത്തിൽ കെട്ടിക്കിടക്കുകയാണ്.
തോടിന്റെ ഇരുവശങ്ങളിലും സമീപത്തുമായി താമസിക്കുന്ന 100ൽ അധികം വീടുകളിലെ കിണറുകൾ മലിനപ്പെടുകയും ദുർഗന്ധത്തിനു പുറമേ കൊതുകിന്റെയും ഈച്ചയുടേയും ശല്യം കാരണം ഉറങ്ങുവാനോ ഭക്ഷണം കഴിക്കുവാനോ കഴിയാത്ത സ്ഥിതിയിലുമാണ്.
രാഷ്ട്രദീപിക ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് കോട്ടയം നഗരസഭാ ചെയർപേഴ്സണ് ഡോ.പി.ആർ.സോന, വാർഡ് കൗണ്സിലർ പി. ചന്ദ്രകുമാർ, മുനിസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. പൗരസമിതി പ്രസിഡന്റ് പി.എസ് പ്രസാദ്, സെക്രട്ടറി എം.ജി.മണി, ജോണ് തോപ്പിൽ, സെബാസ്റ്റ്യൻ കാരിമറ്റം കോശിമാത്യു, ജോർജ് തോപ്പിൽ, സാന്ത്വനം ഡയറക്ടർ ആനി ബാബു എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ ചെയർപേഴ്സണ് പരാതി നൽകി.
2004ൽ ഇത്തരത്തിൽ മാലിന്യം ഒഴുക്കിവിടുകയും മലിനജലം കെട്ടിക്കിടന്ന് മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധി രോഗങ്ങൾ പടർന്നു പിടിക്കുകയും ഒരു ഡോക്ടർ ഉൾപ്പെടെ അഞ്ചു പേർ മഞ്ഞപ്പിത്തം മൂലം ഈ പ്രദേശത്ത് മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചു കൂട്ടുകയും ഇവരുടെ നിയന്ത്രണത്തിൽ സർക്കാർ സ്ഥാപിച്ച് നൽകിയ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തിപ്പിക്കുകയും ചെയ്തിരിന്നതാണ്.
എന്നാൽ ഈ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ട് 10 വർഷം പിന്നിട്ടിട്ടും അത് പുനർ പ്രവർത്തനം നടത്തുവാൻ ജില്ലാ ഭരണാധികാരികളോ, വ്യാപാരി വ്യവസായി സംഘടനകളോ തയാറായില്ല. അതിനാൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച പ്ലാന്റ് പ്രവർത്തിപ്പിക്കാതെ തുരുന്പെടുത്ത് പൂർണമായി നശിച്ചു. പിന്നീട് അധികൃതരോ ജനപ്രതിനിധികളോ ശ്രദ്ധിക്കാതിരിന്നതിനാൽ മാലിന്യങ്ങൾ സമീപത്തെ തോടുകളിലേക്ക് വീണ്ടും ഒഴുക്കുവാൻ തുടങ്ങി.
മാലിന്യത്തിന്റെയും മലിന ജലത്തിന്റെയും ദോഷഫലം അനുഭവിച്ച പരിസരവാസികൾ നിരന്തരമായി അധികൃതർക്ക് പരാതി നൽകുന്നുവെങ്കിലും ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കുവാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. പരിഹാരം ഉണ്ടാകുന്നതുവരെ പല ഘട്ടങ്ങളിലായി സമരം നടത്തുമെന്നാണ് പൗരസമിതി പ്രവർത്തകരുടെ തീരുമാനം.