പത്തനാപുരം: ഞാന്‍ ഇവിടെ അന്യനല്ല, ഞാനും ഈ കുടുംബത്തിലെ അംഗമാണ്. ഗാന്ധിഭവന് എന്റെ കുടുംബമാണ്- 2016ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഗാന്ധിഭവന് സന്ദര്‍ശിച്ചപ്പോള്‍ പിണറായി വിജയന് പറഞ്ഞ വാക്കുകളാണിത്.
ഈ വാക്കുകള്‍ നെഞ്ചോട് ചേര്‍ത്താണ് ഗാന്ധിഭവനിലെ അമ്മമാര്‍ അവരുടെ പ്രിയസഖാവിനെ വരവേറ്റത്.
ഗാന്ധിഭവനിലെ വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ വലിയ സ്ക്രീനില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കണ്ട് ഗാന്ധിഭവനിലെ അമ്മമാരും കുഞ്ഞുങ്ങളും ആഹ്ലാദപ്രകടനം നടത്തുകയും മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിടുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്.
പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് 2014 ല്‍ ആദ്യമായി പത്തനാപുരം ഗാന്ധിഭവന് സന്ദര്‍ശിക്കുകയും ഒന്നര മണിക്കൂറിലധികം സമയം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഒപ്പം ചിലവഴിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും പലവട്ടം അദ്ദേഹം ഗാന്ധിഭവനിലെത്തുകയും കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്
മുഖ്യമന്ത്രിയുടെ ഭാരിച്ച ഭരണനിര്‍വഹണ തിരക്കുകള്‍ക്കിടയിലും പലപ്പോഴും ഫോണില്‍ വിളിച്ച് ഗാന്ധിഭവനിലെ അന്തേവാസികളുടെ സുഖവിവരങ്ങള്‍ അറിയാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു എന്ന് ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് പറയുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി മത്സരിക്കുമ്പോള്‍ ഗാന്ധിഭവനിലെ മുതിര്‍ന്ന അന്തേവാസിയും സര് സി.പി. രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകളുമായ ആനന്ദവല്ലിയമ്മാള്‍ എന്ന പാട്ടിയമ്മയുടെ നേതൃത്വത്തില്‍ ഒരുസംഘം അമ്മമാര്‍ തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തി തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൊടുക്കുകയും അദ്ദേഹം അത് സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാന്‍ നല്കിയ തുക ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജും പ്രസന്നാ സോമരാജനും ധര്‍മ്മടത്തെത്തി പിണറായി പങ്കെടുത്ത ഒരു വേദിയില്‍ വച്ച് കൈമാറി.
ഗാന്ധിഭവന്റെ മാനവികപ്രവര്ത്തനങ്ങളെ പ്രശംസിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. പിണറായിയുടെ ഗാന്ധിഭവനോടുള്ള സ്നേഹവും കരുതലും അദ്ദേഹത്തെ ഗാന്ധിഭവന് കുടുംബങ്ങാംഗങ്ങളുടെ പ്രിയപ്പെട്ടവനാക്കിമാറ്റി.
പ്രളയക്കെടുതിയില്‍ കേരളം ദുരിതത്തിലായ ഓണക്കാലത്ത് ഗാന്ധിഭവനിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഓണക്കോടി വാങ്ങിനല്കുന്നതിനായി ഒരുലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൊടുത്തുവിട്ടിരുന്നു.
സത്യപ്രതിജ്ഞ സമയത്ത് ഗാന്ധിഭവനിലെ അമ്മമാരുടെ മുഖത്തുവിരിഞ്ഞ സന്തോഷം അദ്ദേഹം മുഖ്യമന്ത്രിയായി കഴിഞ്ഞ തവണത്തെപ്പോലെ തങ്ങളെ കാണാനെത്തുമെന്നുള്ള വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കിരണമാണ്.