ന്യൂഡൽഹി: ഗാന്ധിജിക്ക് എന്തിനാണ് ഭാരതരത്നം? അദ്ദേഹം അതിനും മേലെയുള്ള വ്യക്തിയല്ലേ..? മഹാത്മാഗാന്ധിക്ക് ഭാരതരത്നം നൽകണമെന്ന പൊതുതാത്പര്യ ഹർജിക്ക് തീർപ്പുകൽപിച്ച സുപ്രീം കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. ഭാരതരത്നത്തേക്കാളുമൊക്കെ വളരെ മുകളിലാണ് രാഷ്ട്രപിതാവിന്റെ സ്ഥാനമെന്ന് കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ ബി.ആർ. ഗവി, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ചാണ് ഇതു സംബന്ധിച്ച വിധി പറഞ്ഞത്. ഗാന്ധിജി ആദരിക്കണപ്പെടണമെന്നു തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. പക്ഷേ അത് ഭാരതരത്നത്തിനും മുകളിലായിരിക്കണം.
അങ്ങനെയെന്തിങ്കിലുമുണ്ടോയെന്നും കോടതി ഹർജിക്കാരനോടു ചോദിച്ചു. ഭാരതരത്നം ആർക്കൊക്കെ കൊടുക്കണമെന്ന് കോടതി വഴി തീരുമാനിക്കുന്നത് പ്രായോഗികമല്ലെന്നും ബഞ്ച് നിരീക്ഷിച്ചു. ഇതുവരെ 48 പ്രമുഖ വ്യക്തികൾക്ക് രാജ്യം ഭാരതരത്നം നൽകി ആദരിച്ചിട്ടുണ്ട്.