കൊല്ലം: പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍ വില്‍പ്പത്രത്തില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണം തള്ളി വില്‍പ്പത്രത്തിലെ സാക്ഷി പ്രഭാകരന് പിള്ള.
ബാലകൃഷ്ണ പിള്ളയ്ക്കും ആധാരം എഴുത്തുകാരനും തനിക്കും മാത്രമാണ് വില്‍പ്പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2020 ഓഗസ്റ്റ് ഒന്‍പതിനാണ് വില്‍പ്പത്രം തയാറാക്കിയത്. ഇതിനെക്കുറിച്ച് ഗണേഷ് കുമാറിന് അറിവുണ്ടായിരുന്നില്ല.
ബാലകൃഷ്ണ പിള്ളയുടെ മരണത്തിന് ശേഷമാണ് വില്‍പ്പത്രത്തെ കുറിച്ച് മക്കള്‍ അറിഞ്ഞത്. വില്‍പ്പത്രവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണ പിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പ്രഭാകരന് പിള്ള പറഞ്ഞു.
അതേസമയം, ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തിന് കുരുക്കായതു കുടുംബ പ്രശ്നത്തെ ചൊല്ലിയുള്ള പരാതിയെന്നാണ് സൂചന.
ഏക എംഎൽഎ കക്ഷികൾക്കു ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ഇടതു മുന്നണിയോഗം തീരുമാനിച്ചപ്പോൾ കേരള കോൺഗ്രസ്-ബിയുടെ ഏക അംഗമായ ഗണേഷ്കുമാറും മന്ത്രിയാകുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നെങ്കിലും പുറത്തുവന്ന ആദ്യ പട്ടികയിൽ പേരുണ്ടായില്ല.
കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഗണേഷ് കുമാറിനെതിരെ സഹോദരി ഉഷ മോഹൻദാസ് നൽകിയ പരാതിയാണ് പാരയായത്.
മന്ത്രിയായതിനു ശേഷം ഈ പരാതിയിൽ കൂടുതൽ വിവാദങ്ങളുണ്ടായാൽ അതു മന്ത്രിസഭയുടെ പ്രതിഛായയെ ബാധിക്കുമെന്നതിനാൽ ഗണേഷ് കുമാറിനെ മാറ്റി നിർത്തിയതാണെന്നു കരുതുന്നു.