കൊല്ലം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പത്തനാപുരത്ത് എൽഡിഎഫിൽ തമ്മിലടി.
തെരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാറും സിപിഐ നേതാക്കളും തമ്മിൽ പോർവിളിയുണ്ടായി.
യോഗത്തിൽ പ്രസംഗത്തിനിടെ സിപിഐ നേതാക്കൾ കാലുവാരുമെന്ന് പരക്കെ ആക്ഷേപമുണ്ടെന്ന എംഎൽഎയുടെ വാക്കുകളാണ് തമ്മിലടിക്ക് കാരണം.
കാലുവാരുമെന്ന ആക്ഷേപം ഒഴിവാക്കാൻ നേതാക്കൾ തന്നെ പത്രസമ്മേളനം വിളിച്ചു വിശദീകരണം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടതോടെ സിപിഐ നേതാക്കൾ പ്രതിഷേധവുമായി എണീറ്റു.
എംഎൽഎ ഉന്നയിച്ച ആക്ഷേപം തെളിയിക്കണമെന്നും തങ്ങൾ പിറപ്പുദോഷമുള്ളവരല്ലെന്നും സിപിഐ നേതാക്കൾ പറഞ്ഞു.
സിപിഐയെക്കുറിച്ച് പിതാവ് ആർ.ബാലകൃഷ്ണപിള്ളയോട് പോയി ചോദിക്കാനും നേതാക്കൾ നിർദ്ദേശിച്ചു.
സംസ്ഥാന കൗണ്സിൽ അംഗം എസ്.വേണുഗോപാൽ, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീൻ എന്നിവരാണ് എംഎൽഎയ്ക്കെതിരേ രൂക്ഷമായി പ്രതികരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ കേരള കോണ്ഗ്രസ്-ബി ശ്രമിച്ചെന്നും ഇത് മറന്നാണ് എൽഡിഎഫിന് വേണ്ടി മണ്ഡലത്തിൽ പ്രവർത്തിക്കുന്നതെന്നും സിപിഐ നേതാക്കൾ ഓർമിപ്പിച്ചു.
തർക്കം രൂക്ഷമായിട്ടും യോഗത്തിൽ സിപിഎം നേതാക്കൾ മൗനം പാലിച്ചു.
ശക്തമായ മത്സരം നടക്കുന്ന പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണ് ജനവിധി തേടുന്നത്.
ബിജെപി ജില്ലാ സെക്രട്ടറി വി.എസ്.ജിതിൻ ദേവാണ് എൻഡിഎ സ്ഥാനാർഥി.
2016-ൽ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ ജഗദീഷിനെ 24,562 വോട്ടുകൾക്ക് തോൽപ്പിച്ചാണ് ഗണേഷ്കുമാർ നിയമസഭയിലേക്ക് നാലാം തവണ തെരഞ്ഞെടുക്കപ്പെട്ടത്.