കൊല്ലം: പ്രളയ ദുരിതത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള ആദരസൂചകമായി ആഘോഷങ്ങൾ ഒഴിവാക്കി ഈവർഷത്തെ കൊല്ലം ഗണേശോത്സവം 11മുതൽ 15വരെ നടത്താൻ ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. 11ന് ജില്ലയിലെ ഇരുനൂറോളം സ്ഥലങ്ങളിലും ആയിരത്തിൽപ്പരം ഭവനങ്ങളിലും ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കും.
തുടർന്ന് 15വരെ ഗണേശപൂജ, ഗണപതിഹവനം, ഭാഗവതപാരായണം, അന്നദാനം എന്നിവ നടത്തും. 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഈ വിഗ്രഹങ്ങൾ കൊല്ലം ആശ്രാമം മുനീശ്വരൻ കോവിൽ സന്നിധിയിൽ എത്തും.അവിടെ നിന്ന് ആഘോഷങ്ങളില്ലാതെ മന്ത്രജപങ്ങളുമായി വിഗ്രഹ ഘോഷയാത്ര വൈകുന്നേരം ആറിന് നഗരംചുറ്റി കൊല്ലം ബീച്ചിൽ എത്തും.
ഈ സമയം പ്രളയദുരിതത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മോക്ഷം ലഭിക്കുന്നതിനായി 1008 നാളികേരം കൊണ്ടുള്ള മഹാഗണപതിഹോമം ബീച്ചിൽ നടക്കും.വിവിധ പൂജകൾക്ക് ശേഷം രാത്രി ഏഴിന് വിഗ്രഹങ്ങൾ ബീച്ചിൽ നിമഞ്ജനം ചെയ്യും.
ഇത്തവണ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ നിർമിച്ച വിഗ്രഹങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ. നിമഞ്ജന ഘോഷയാത്ര 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആശ്രാമം മുനീശ്വരൻകോവിൽ സന്നിധിയിൽ ഗണേശോത്സവ ട്രസ്റ്റ് സംസ്ഥാന മുഖ്യകാര്യദർശി എം.എസ്.ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്യും.