കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസിൽ അറസ്റ്റിലായ നടൻ ദിലീപ് റിമാൻഡിൽ കഴിയുന്ന ആലുവ സബ് ജയിലിലെ സന്ദർശക ബാഹുല്യത്തിനെതിരെ അന്വേഷണ സംഘം. നടനെ സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് അന്വേഷണത്തെ ബാധിക്കുന്നതായും സന്ദർശനശേഷം പലരും നടന് അനൂകൂലമായി പ്രസ്താവന നടത്തുന്നതിനെതിരെയുമാണു അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
നടന് അനുകൂല പ്രസ്താവന നടത്തുന്നത് ആസൂത്രീതവും സാക്ഷികളെ സ്വാധീനിക്കുന്നതിനുമാണെന്ന് അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു. സന്ദർശക ബാഹുല്യം കേസ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ പോലീസ് വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ദിലീപിനെ സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായ ആക്ഷേപം നേരത്തെതന്നെ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇന്നലെ മുതൽ ദിലീപിനെ സന്ദർശിക്കുന്നവർക്കു കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജയിൽ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഇനി മുതൽ വീട്ടുകാർ, അടുത്ത ബന്ധുക്കൾ, പ്രധാന വ്യക്തികൾ, അടുത്ത സഹപ്രവർത്തകർ എന്നിവർക്കു മാത്രമേ താരത്തെ സന്ദർശിക്കാൻ അനുമതി ലഭിക്കൂ. ഓണത്തോടനുബന്ധിച്ചാണു കൂട്ടത്തോടെ താരങ്ങൾ ദിലീപിനെ കാണാനായി ജയിലെത്തിയത്. ഇതിൽ എംഎൽഎയും നടനുമായ ഗണേഷ് കുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങളാണു പോലീസിനെ ചൊടിപ്പിച്ചതെന്നാണു സൂചന. എല്ലാ ചലച ്ചിത്രപ്രവർത്തകരും ദിലീപിന് പിന്തുണ അറിയിക്കണമെന്ന തര ത്തിലാണ് ഗണേഷ് പ്രസ്താവന നടത്തിയത്. ഇതേത്തുടർന്നു പിന്നീടുള്ള ദിവസങ്ങളിൽ നിരവധി ചലച്ചിത്രപ്രവർത്തകരാണ് ജയിലിലെത്തിയത്.