തിരുവനന്തപുരം: മുന്നണിയിൽ പുതുതായി വന്ന പാർട്ടികൾക്കു സീറ്റുകൾ വിട്ടുകൊടുക്കാൻ കാണിച്ച ഉദാരമനോഭാവം മന്ത്രിമാരെ നൽകുന്നതിലും സിപിഎമ്മും സിപിഐയും കാണിക്കുമോയെന്നാണ് ഇനിയുള്ള ദിവസങ്ങളിൽ കണ്ടറിയേണ്ടത്.
മന്ത്രിസഭാംഗങ്ങളുടെ എണ്ണം 20-ൽ കൂടുതൽ വേണ്ടെന്ന നിലപാടാണു സിപിഎമ്മിനും സിപിഐക്കുമുള്ളത്. ഒരു സീറ്റിൽ മാത്രം ജയിച്ച ആറു പാർട്ടികളാണു മുന്നണിയിലുള്ളത്. ഇതിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകുമെന്നത് ഇരുപാർട്ടികളെയും അലട്ടുന്ന പ്രശ്നമാണ്.
നിലവിലെ മന്ത്രിസഭയിൽ സിപിഎമ്മിനു പതിമൂന്നും സിപിഐക്കു നാലും ജനതാദൾ-എസ്, കോണ്ഗ്രസ്-എസ്, എൻസിപി എന്നീ പാർട്ടികളെ പ്രതിനിധീകരിച്ച് ഓരോ മന്ത്രിമാരുമാണുള്ളത്.
പുതുതായി മുന്നണിയിലെത്തിയ കേരള കോണ്ഗ്രസ്-എം, ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) എന്നീ പാർട്ടികൾക്കു മന്ത്രിസഭയിൽ അംഗത്വമുണ്ടാകും. ചില പാർട്ടികൾക്കു മന്ത്രിസ്ഥാനം നൽകി മുന്നണിമര്യാദ പാലിക്കാൻ സിപിഎമ്മും സിപിഐയും ഓരോ മന്ത്രിസ്ഥാനം വിട്ടുനൽകാനും സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു ചർച്ചയും ഇരുപാർട്ടികൾക്കുള്ളിലും ഇതുവരെയും നടന്നിട്ടില്ല.
മന്ത്രിമാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടു 17-നു ചേരുന്ന ഇടതുമുന്നണി യോഗത്തിനു മുന്പായി ഉഭയകക്ഷി ചർച്ച പൂർത്തിയാക്കണം. പല പാർട്ടികളും പരസ്യമായും രഹസ്യമായും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള കോണ്ഗ്രസ്-ബിക്കു മന്ത്രിസ്ഥാനം നൽകി കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെത്തിക്കണമെന്നു സിപിഎമ്മിനു താത്പര്യമുണ്ട്. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സിപിഎം നേതാക്കൾ സംസാരിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് സ്ഥാനങ്ങൾ ഇപ്പോൾ സിപിഐക്കാണ്. ഇതിൽ ഏതെങ്കിലും ഒന്നു സിപിഐ വിട്ടു നൽകേണ്ടിവരുമെന്നാണു വിവരം.അടുത്ത ദിവസങ്ങളിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്കു ശേഷമേ ചെറിയ പാർട്ടികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്നു വ്യക്തമാകൂ.