പത്തനാപുരം:അമ്പനാര്‍ വന മേഖലയില്‍ വെള്ളം കിട്ടാതെ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ മന്ത്രി കെ. രാജുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വനം വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എ രംഗത്ത്. ആരോഗ്യവാനായ കാട്ടാന വെളളം കിട്ടാതെ പിടഞ്ഞ് മരിച്ചപ്പോള്‍ മൃഗസ്നേഹികളും ആനപ്രേമികളും എവിടെപ്പോയി.
തെച്ചിക്കോട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാതിരിക്കാൻ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട മന്ത്രി കെ. രാജുവിനെയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പത്തനാപുരത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ആന വെള്ളം കിട്ടാതെ ചരിഞ്ഞ സംഭവത്തിലും മന്ത്രി പോസ്റ്റ് ഇടാത്തത് എന്താണന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു.
വലിയ മൃഗസ്നേഹികള്‍ ഉളള നാട്ടിലാണ് ആന വെളളം കിട്ടാതെ ചരിഞ്ഞത് എന്ന ഓര്‍മ്മ വേണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പുനലൂർ വനം ഡിവിഷന്റെ പരിധിയിലുള്ള പത്തനാപുരം റേഞ്ചിലെ അമ്പനാർ കരീത്തോട് ഭാഗത്താണ് കാട്ടാന ചരിഞ്ഞത്.
കുടിവെള്ളം കിട്ടാതെയുള്ള നിർജ്ജലീകരണത്തെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഒരുമാസം മുമ്പാണ് എട്ടുവയസുള്ള കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയി മടങ്ങിയവരാണ് വനംവകുപ്പധികൃതരെ വിവരം അറിയിച്ചത്.
തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ആരോഗ്യവാനായ കുട്ടിക്കൊമ്പൻ ചരിഞ്ഞത് നിർജ്ജലീകരണത്തെ തുടർന്നാണെന്ന് കണ്ടെത്തിയത്. വനത്തിൽ തടയണകൾ നിർമ്മിക്കുന്നതിന് പകരം കുളങ്ങൾ കുഴിച്ചിട്ട് കാര്യമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.