കാക്കനാട്: വകുപ്പുതല മേധാവികൾ എത്താത്തതിൽ പൊട്ടിത്തെറിച്ച് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ഇന്നലെ നടന്ന നിയമസഭാ സമിതി സിറ്റിംഗിലാണ് സമിതി അധ്യക്ഷനായ ഗണേഷ് കുമാർ രോഷാകുലനായത്.
പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച പരാതിയിൽ തെളിവെടുപ്പ് നടത്തുന്നതിന് എത്തിയതായിരുന്നു അദ്ദേഹം. താനടക്കമുള്ള നിയമസഭാ സമിതി അംഗങ്ങൾ കൃത്യസമയത്ത് എത്തിയെങ്കിലും കളക്ടർ എസ്.സുഹാസ് അടക്കമുള്ളവർ വൈകിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. കളക്ടർ എത്താതെ സമിതിയുടെ സിറ്റിംഗ് ആരംഭിക്കില്ലെന്ന നിലപാടിൽ ഗണേഷ് കുമാർ ഉറച്ചുനിന്നതോടെ ചേംബറിൽനിന്നു കളക്ടർ എത്തി. സിറ്റിംഗ് തീരാതെ പോകരുതെന്നും ഗൗരവമുള്ള വിഷയമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കളക്ടറോട് പറഞ്ഞു.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടി വന്നതിനാലാണ് വൈകിയതെന്ന് കളക്ടർ മറുപടി നൽകിയെങ്കിലും ഗണേഷ് കുമാർ തൃപ്തനായില്ല. തുടർന്ന് വിവിധ വകുപ്പുതല മേലധികാരികൾ എവിടെയെന്നായി എംഎൽഎ. കമ്മീഷണർക്കു വേണ്ടി ഹാജരായത് പോലീസ് സബ് ഇൻസ്പെക്ടർ ആണെന്നറിഞ്ഞതോടെ കമ്മീഷണർ വരണമെന്ന നിലപാടിൽ ഗണേഷ് കുമാർ ഉറച്ചുനിന്നു.
തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറേ, ഡിസിപി പുങ്കുഴലി എന്നിവരും സിറ്റിംഗിനെത്തി. ഡിഎംഒ ഹാജരാകേണ്ടതിനു പകരം ഹെൽത്ത് ഓഫീസർ വന്നതും അനിഷ്ടത്തിന് കാരണമായി. തുടർന്ന് ഡിഎംഒയും സ്ഥലത്തെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് മേലധികാരി എത്തിയില്ലെന്ന ആക്ഷേപവും എംഎൽഎ ഉന്നയിച്ചു.
ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അഭിപ്രായപ്പെട്ട ഗണേഷ്കുമാർ ഭക്ഷ്യ വകുപ്പ് അധികൃതർ എടുക്കുന്ന കേസുകളൊന്നും കോടതിയിലെത്തുന്നില്ലെന്നും പറഞ്ഞു. സമിതി അംഗങ്ങളിൽ എംഎൽഎമാരായ രാജു ഏബ്രഹാം, എം.സ്വരാജ്, സി.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തില്ല.