കൊല്ലം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനു യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയ്ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചൽ പോലീസാണ് കേസെടുത്തത്. കൊല്ലം സ്വദേശി അനന്തകൃഷ്ണന്റെ പരാതിയിലാണ് നടപടി. ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇതിനിടെ ഗണേഷ്കുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മാർച്ച് നടത്തി.
അഞ്ചലിൽ അഗസ്ത്യകോടായിരുന്നു സംഭവം. അവിടത്തെ മരണവീട്ടിൽ പോയശേഷം തിരികെ വരികയായിരുന്ന എംഎൽഎ യുടെ വാഹനത്തിന് എതിരേ മറ്റൊരു കാർ വന്നതിനാൽ കടന്നുപോകാനുള്ള സ്ഥലസൗകര്യമില്ലായിരുന്നു. എംഎൽഎയുടെ ഡ്രൈവർ ഹെഡ് ലൈറ്റ് ഇട്ട് കാണിച്ചുവെങ്കിലും പിന്നോട്ടെടുക്കുവാനോ സൈഡ് കൊടുക്കുവാനോ ഇടമില്ലാത്തതിനാൽ എതിരേ വന്ന വാഹനം അവിടെ നിർത്തിയിട്ടു.
ഇതിൽ പ്രകോപിതനായ എംഎൽഎ ആക്രോശിച്ചു കാറിൽ നിന്നു ചാടിയിറങ്ങി അനന്തകൃഷ്ണന്റെ കാറിന്റെ താക്കോൽ ബലമായി ഊരിയെടുക്കാൻ ശ്രമിച്ചുവത്രേ. ഇതിനെ എതിർത്ത അനന്തകൃഷ്ണനെ എംഎൽഎ കഴുത്തിനും തലയ്ക്കും അടിക്കുകയും മാതാവിനെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്തുവെന്നാണ് മാതാവ് ഷീന (48) പോലീസിൽ നൽകിയിട്ടുള്ള പരാതിയിലുള്ളത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചൽ എസ്ഐ മോഹൻദാസ് ഇരു വാഹനങ്ങൾക്കും കടന്നുപോകാനുള്ള സൗകര്യമൊരുക്കിയ ശേഷം എംഎൽഎയെ പോകാനനുവദിക്കുകയും, അനന്തകൃഷ്ണനോടും അമ്മയോടും പരാതിയുണ്ടെങ്കിൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ പറയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.