താരസംഘടനയായ ‘അമ്മ’ ക്ലബാണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് കൃത്യമായ മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍.
ക്ലബിന്റെ ഇംഗ്ലീഷ് അര്‍ത്ഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിന് മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷിന്റെ അച്ഛനോടൊപ്പം വീട്ടില്‍ വാര്‍ത്ത കണ്ടിരുന്നപ്പോഴാണ് ബിനീഷ് കോടിയേരിയെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കുന്നതിനെതിരേ ഗണേഷ് കുമാറും മുകേഷും അമ്മയില്‍ ശബ്ദമുയര്‍ത്തുന്നു എന്ന് കണ്ടത്.
അന്ന് ഞാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്ത എനിക്കെതിരെ ഇല്ലാത്ത കാര്യം മാധ്യമങ്ങളോട് പറയുന്നത് ശരിയാണോ എന്ന് ഞാന്‍ ഇടവേള ബാബുവിനോട് ചോദിച്ചു.
പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് സത്യം പറഞ്ഞുകാണണം. പക്ഷെ വിജയ് ബാബുവിന്റെ കേസല്ല ബിനീഷിന്റേത്.
ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമായിരുന്നു അത്. പക്ഷെ വിജയ്ബാബുവിന്റേത് മാനഭംഗക്കേസാണ്.
അതിജീവിതയായ പെണ്‍കുട്ടിയുടെ വിഷമത്തെ കുറിച്ചാണ് പറഞ്ഞത്. അതിനിതുവരെ ബാബു മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എനിക്കയച്ചു തന്നു.
എനിക്ക് ഇംഗ്ലീഷ് അറിയില്ല സമ്മതിക്കുന്നു. പ്രൊഫസര്‍ ബാബുവിനെപ്പോലെ അത്രേം പരിജ്ഞാനമുള്ള ആളല്ല ഞാന്‍.’ കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
പിന്നെ ജഗതി ശ്രീകുമാറിന്റെ കേസാണ്. ആരോഗ്യപരമായി ഇത്രയും പ്രശ്നങ്ങളോടെ ആ മഹാനടന് ഇരിക്കുമ്പോള്‍ ആരും ഓര്‍ക്കാത്തൊരു വിഷയം ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല.
ആ കേസില്‍ നിന്ന് ജഗതി ശ്രീകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയം സംസാരിക്കേണ്ട ആവശ്യമില്ല.
ഈ സംഭവം നടക്കുന്ന കാലത്ത് ഇടവേള ബാബു അമ്മയുടെ കമ്മിറ്റിയിലില്ല. ഇതൊക്കെ വെറും പൊങ്ങച്ചമാണ്. അമ്മ അദ്ദേഹത്തിന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടി അല്ല.’
അടുത്തത് പ്രിയങ്ക എന്ന നടിയുടെ പേരില്‍ പത്തനംതിട്ട കോടതിയില്‍ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട ഒരു കേസുണ്ടായിരുന്നു.
ആ കേസില്‍ അവരെ കോടതി കുറ്റവിമുക്തയാക്കിയതാണ് അതും സംസാരിക്കേണ്ട ആവശ്യമില്ല. സമാനമായ കേസ് വന്നപ്പോള്‍ ദിലീപ് രാജിവച്ചു.
വിജയ് ബാബുവിന്റെ കാര്യത്തിലും അതേ ആവശ്യപ്പെടുന്നുള്ളൂ. അതിന് എല്ലാവരും സംഘടിച്ച് ബഹളമുണ്ടാക്കേണ്ട ആവശ്യമില്ല. ആരെയോ സംരക്ഷിക്കാന്‍ വേണ്ടി ഇവര്‍ ശ്രമിക്കുകയാണ്.
ഞാന്‍ അമ്മയെ ക്ലബെന്ന് പറയും ആരാ ചോദ്യം ചെയ്യാന്‍ എന്ന് പറയുന്നത് ശരിയല്ല. ഇത് ക്ലബാണെങ്കില്‍ എനിക്കെന്നല്ല ഒരുപാട് പേര്‍ക്ക് ഇതില്‍ തുടരാന്‍ താല്‍പ്പര്യമില്ല.
ആരോപണവിധേയനായ വ്യക്തിക്ക് ഏഴ് ക്ലബുകളില്‍ മെമ്പര്ഷിപ്പുണ്ടെന്ന് ബാബു പറഞ്ഞു. അങ്ങനെയെങ്കില്‍ അതേതൊക്കെയെന്ന വെളിപ്പെടുത്തണം. ഗണേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.