കൊല്ലം: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരേ രൂക്ഷ വിമർശനവുമായി കെ.ബി.ഗണേഷ്കുമാർ എംഎൽഎ രംഗത്ത്.
ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല അമ്മയെന്നും ക്ലബ് ആണെങ്കിൽ തനിക്ക് ഉൾപ്പടെ മറ്റ് പലർക്കും തുടരാൻ താത്പര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെതിരേ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം സ്വയം മാറിനിൽക്കുകയോ പ്രസിഡന്റ് രാജി ആവശ്യപ്പെടുകയോ ചെയ്തു.
വിജയ് ബാബുവിനെതിരേയും സമാന നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ പ്രസിഡന്റ് മോഹൻലാൽ അഭിപ്രായം പറയണം. അമ്മ ക്ലബ് ആണെന്ന പരാമർശം പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമ്മ ക്ലബ് ആക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തോ എന്ന കാര്യം സംഘടന വ്യക്തമാക്കണം. മുൻപ് കേസുകളിൽ ഉൾപ്പെട്ട ജഗതി ശ്രീകുമാർ, പ്രിയങ്ക തുടങ്ങിയവരെ ഒക്കെ പുതിയ സാഹചര്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല.
അമ്മയെ പൊതുസമൂഹം പ്രതീക്ഷയോടെ നോക്കുകയാണ്. തനിക്ക് മറുപടിയെന്ന പേരിൽ ഇടവേള ബാബു എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹത്തിന്റേതല്ല. ഇതിന് പിന്നിൽ ചില കുബുദ്ധികൾ ഒക്കെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബിനീഷ് കോടിയേരിയെ സംരക്ഷിക്കാൻ താൻ നിലപാടെടുത്തുവെന്ന ആരോപണവും തെറ്റാണ്. ആ യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ല. ബിനീഷ് കോടിയേരിക്കെതിരേ ഉയർന്നത് മയക്കുമരുന്ന് കേസ് അല്ലെന്നും സാമ്പത്തിക കുറ്റകൃത്യമാണെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.