എം.ജി ശ്രീജിത്ത്
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻഎസ്എസ് താലൂക്ക് നേതൃത്വം യുഡിഎഫ് അനുകൂല നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സമുദായംഗങ്ങളായ പാർട്ടി പ്രവർത്തകരെ അണിനിരത്തി പരമാവധി വോട്ടു ഉറപ്പിക്കാനുള്ള നീക്കങ്ങളുമായി സിപിഎം നേതൃത്വം. യുഡിഎഫിന് അനുകൂല നിലപാട് പ്രഖ്യാപിച്ചതു മുതൽ ചടുലമായ നീക്കങ്ങളാണ് സിപിഎമ്മും എൽഡിഎഫും ആരംഭിച്ചിരിക്കുന്നത്.
എൻഎസ്എസ് അംഗങ്ങളായ പാർട്ടി പ്രവർത്തകരെ തന്നെ ഇതിനെ പ്രതിരോധിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എൻഎസ് എസ് താലൂക്കു യൂണിയന്റെ ആഹ്വാനത്തെ തള്ളികളഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്തിന് തന്നെ വോട്ടു ചെയ്യണമെന്ന ആവശ്യവുമായി എൻഎസ് കരയോഗപ്രതിനിധികളെ തന്നെ ഉൾപ്പെടുത്തികൊണ്ടുള്ള പ്രത്യേക സ്ക്വാഡ് ഇന്നുമുതൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ മുക്കിലും മൂലയിലും കയറി ഇറങ്ങും.
രാഷ്ട്രീയത്തിനും ജാതിസമവാക്യങ്ങൾക്കും അപ്പുറമാണ് പ്രശാന്തിന്റെ പ്രവർത്തനമെന്ന് അടിവരയിട്ടുകൊണ്ടുള്ള പ്രചരണം പ്രവർത്തനാണ് നടത്താൻ ഉദ്ദേശിക്കുന്നത്. പ്രളയകാലത്ത് പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി എൻഎസ്എസ് നിലപാടിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. എൻഎസ്എസ് സമദൂരം വിട്ട് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്യുമെന്ന് സിപിഎമ്മോ എൽഡിഎഫ് നേതൃത്വമോ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റും മുന്നോക്ക വികസന കോർപറേഷൻ ചെയർമാനുമായ ആർ ബാലകൃഷണപിള്ളയെ മുൻനിർത്തി ഇതിനെ പ്രതിലോധിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അസുഖബാധിതനായി വിശ്രമത്തിലായതിനാലാണ് പിള്ള നേരിട്ട് പൊതുയോഗങ്ങളിൽ എത്താത്തത്. അതിനു പകരം പത്തനാപുരം എംഎൽഎയും ആർ ബാലകൃഷ്ണപിള്ളയുടെ മകനുമായ കെബി ഗണേഷ്കുമാറിനെ മുൻനിർത്തിയുള്ള പ്രചരണം ഇന്നുമുതൽ ആരംഭിക്കും.
ഗണേഷ് കുമാർ എൻഎസ്എസിന് സ്വാധീനമുള്ള മേഖലകളായ ശാസ്തമംഗലത്തും കണ്ണമൂലയിലും കുടുംബ യോഗങ്ങളിലും ഗൃഹസന്ദർശനവും നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും. എൻഎസ്എസ് അംഗങ്ങളെ പരമാവധി പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗൃഹസന്ദർശനത്തിനാണ് ഗണേഷിന്റെ നേതൃത്വത്തിൽ എൽഡിഎഫ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
തങ്ങളോട് അനുഭാവം പുലർത്തുന്ന എൻഎസ്എസ് അംഗങ്ങളെ കൂടെ നിർത്താനുള്ള ശ്രമവും ബിജെപിയും ആരംഭിച്ചിട്ടുണ്ട്. എൻഎസ്എസിന്റെ നിലപാട് ബിജെപിയെയാണ് കൂടുതൽ ഞെട്ടിച്ചിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ബിജെപി എൻഎസ്എസ് നേതൃത്വവും തമ്മിൽ നല്ല ബന്ധത്തിലായിരുന്നു.
ഇതിനാൽ എൻഎസ്എസ് നിലപാട് തങ്ങൾക്ക് അനുകൂലമാകുമെന്ന നിലപാടിലായിരുന്നു ഇന്നലെവരെ ബിജെപി നേതൃത്വം. എന്നാൽ ഇന്നലത്തെ താലൂക്കു യൂണിയന്റെ പ്രഖ്യാപനവും ബിജെപി ക്യാന്പിൽ ആശങ്കപരത്തിയിട്ടുണ്ട്. ബിജെ.പി സ്ഥാനാർഥി എസ് സുരേഷും ജില്ലാ നേതൃത്വവും എൻഎസ് എസ് നേതൃത്വുമായി ബന്ധപ്പെട്ട് നിലപാടിൽ മാറ്റവരുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
എൻഎസ്എസിന്റെ പരസ്യനിലപാട് യുഡിഎഫിനും സ്ഥാനാർഥി കെ മോഹൻകുമാറിനും വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല എൻഎസ്എസ് തങ്ങൾക്ക് അനുകൂലമായ പരസ്യ നിലപാട് സ്വീകരിക്കുമെന്ന്. ഇന്നലത്തെ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് യുഡിഎഫ് നേതൃത്വം സ്വാഗതം ചെയ്തിരിക്കുന്നത്.