തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മന്ത്രിമാരുടെ കേരള പര്യടനത്തിനുശേഷം മതിയോ മന്ത്രിസഭ പുനഃസംഘടന എന്ന കാര്യത്തിലാണ് ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാവുക. നവംബര്‍ 25നകം മന്ത്രിസഭ പുനഃസംഘടന നടക്കണമെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണ.
ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിൽ എന്നിവർ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം എന്നാണ് ധാരണ. ഈ മാസം 18 നാണ് നവകേരള സദസ് ആരംഭിക്കുന്നത്. നവകേരള സദസിന് മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് കേരള കോൺഗ്രസ്-ബി കത്ത് നൽകിയിട്ടുണ്ട്.
മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്ന നിലപാടിലാണ് ഗണേഷ് കുമാർ. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. അതേസമയം സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിൽ സിപിഎമ്മിൽ അഭിപ്രായവ്യത്യാസവുമുണ്ട്.
കൂടാതെ നവകേരള സദസിൽ നിലവിലെ എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്ന അഭിപ്രായത്തിന് ഇന്നത്തെ യോഗത്തില്‍ മുൻതൂക്കം ലഭിച്ചാൽ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയും എൽജെഡിയും മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന സൂചനകളുണ്ട്.
സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്നും എ.എന്‍. ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തുനിന്ന് മാറ്റി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സ്പീക്കറാക്കുമെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.