കൊട്ടാരക്കര: പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറിന്റെ മുൻ ഡ്രൈവർമാരായ ഷാജി, റിജോ എന്നിവരുടെ മരണത്തിന്റെ ദുരൂഹതയെ കുറിച്ചും സരിത നടത്തിയ കള്ള പ്രസ്താവനകളെകുറിച്ചും സമഗ്രമായ പോലീസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പത്തനാപുരത്തിന്റെ വിവിധ പ്രദേശങ്ങളിൽ സരിത. എസ്. നായർ രണ്ട് മാസത്തോളം താമസിച്ചതെന്തിനാണെന്നും ആരാണ് സരിതയെ അവിടെ താമസിപ്പിച്ചതെന്നും അന്വേഷണ വിധേയമാക്കണം.
പത്തനംതിട്ട ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് സരിത എഴുതിയതെന്ന് പറയുന്ന കത്ത് ആരാണ് വേഷം മാറി ജയിലിലെത്തി പുറത്ത് കൊണ്ട് വന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് അന്ന് യുഡിഎഫിൽ നിൽക്കുകയും പിന്നീട് എൽഡിഎഫി ലേക്ക് ചേക്കേറുകയും ചെയ്ത പാർട്ടിയിലെ പത്തനാപുരത്തെയും കൊട്ടാരക്കരയിലെയും ചില നേതാക്കന്മാരാണെന്ന് സംശയിക്കുന്നു.
പ്രമുഖന്മാരുടെ പേരുകൾ ഉൾപ്പെടുത്തി തയാറാക്കിയ വ്യാജ കത്ത് കിട്ടിയ ഉടൻ തന്നെ കത്തിന്റെ വിശ്വസ്തത പരിശോധിക്കാതെ സോളാർ കമ്മീഷനിൽ ഉൾപ്പെടുത്തിയ നടപടി നിയമപരമാണോ എന്ന് പരിശോധിക്കണം. പ്രമുഖന്മാരുടെ പേരുകൾ ഉൾപ്പെടുത്തി ഭീഷണി പെടുത്തി കോടികളുടെ തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നു.
കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച് കേസിൽ പെടുത്തി അതു വഴി കോൺഗ്രസിനെ തകർക്കാമെന്ന് വ്യാമോഹിച്ച പത്തനാപുരത്തെയും കൊട്ടാരക്കരയിലെയും ഭരണകക്ഷിയിൽപെട്ട ചിലർ പിണറായി വിജയന്റെ അറിവോട് കൂടി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ കള്ള കേസ്.
കള്ള കേസെടുക്കൽ അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയാറായില്ലെങ്കിൽ നിയമ പരമായും രാഷ്ട്രീയ പരമായും ശക്തമായി അതിനെ നേരിടുമെന്നും ഇതിനെ കുറിച്ചെല്ലാം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും പത്ര സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. സോളാർ കേസിൽ പത്തനാപുരം എംഎൽഎ കെ. ബി ഗണേഷ് കുമാറിന്റെ പങ്കിനെ കുറിച്ച് ബിജു രാധാകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷണം നടക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കെപിസിസി നിർവാഹക സമിതിയംഗങ്ങളായ സി. ആർ നജീബ്, അലക്സ് മാത്യു, റെജിമോൻ വർഗീസ്, ഡിസിസി ജനറൽ സെക്രട്ടറി നടുക്കുന്നിൽ വിജയൻ, കോൺഗ്രസ് സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ഷിജു പടിഞ്ഞാറ്റിൻകര, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് കുളക്കട അനിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.