മുക്കം: മൂർച്ചയേറിയ കത്തി കൊണ്ട് ചെണ്ട കൊട്ടാൻ പറ്റുമോ… കൊട്ടിയാൽ തന്നെ എന്ത് സംഭവിക്കും?
ഒന്നും സംഭവിക്കില്ലന്ന് മാത്രമല്ല മനോഹരമായ ചെണ്ടമേളം ആസ്വദിക്കാനുമാവുമെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് മലയോര മേഖലയിലെ ഒരു കലാകാരൻ.
മുക്കം നഗരസഭയിലെ മാമ്പറ്റ സ്വദേശിയായ ഗണേശനാണ് ചെണ്ടയിൽ തന്റെ കയ്യൊപ്പ് ചാർത്തി വ്യത്യസ്തനാവുന്നത്.
സാധാരണയായി തുകൽ കൊണ്ടുള്ള ചെണ്ടയുടെ മുകൾ ഭാഗത്ത് മന്ദാരം, പതിമുഖം അല്ലങ്കിൽ മുള എന്നിവ കൊണ്ട് നിർമിച്ച പ്രത്യേക തരം കോലുകൊണ്ടാണ് കലാകാരൻമാൻ കൊട്ടാറുള്ളത്.
എന്നാൽ ചാത്തമംഗലം തിറയാട്ട സമിതിയിലെ ഈ കലാകാരൻ ഒരു വ്യത്യസ്തത എന്ന നിലക്കാണ് ചെണ്ടക്കോലിന് പകരം കത്തി പരീക്ഷിച്ചത്.
ചെറൂപ്പ പേടേങ്ങൽ ദേവീ ക്ഷേത്രത്തിലായിരുന്നു ആദ്യ പരീക്ഷണം. ഈ സമയം കൂടയുള്ളവരെപ്പോലെ ഉത്സവം കാണാനെത്തിയവരും ഞെട്ടിപ്പോയെന്ന് ഗണേശൻ പറയുന്നു.
പൊതുവെ ശ്രമകരമായ തായമ്പകയാണ് ഈ കലാകാരൻ കത്തി കൊണ്ട് കൊട്ടുന്നത്. രാജേഷ് ഫറോക്ക് എന്ന കലാകാരനാണ് തനിക്ക് പ്രചോദനമെന്നും ഗണേശൻ പറയുന്നു.
ഇനിയും അവസരം കിട്ടിയാൽ കത്തി പരീക്ഷണം തുടരുമെന്നും ഗണേശൻ പറഞ്ഞു. ഏറെ ശ്രദ്ധയോടെ മാത്രം ചെയ്യാവുന്ന ഇത്തരം മികച്ച പ്രകടനങ്ങൾ ഈ കലാകാരനിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുകയാണ് കലാസ്വാദകർ.