കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ചെറിയൊരു കൈതാങ്ങുമായി ഇടുക്കി പീരുമേട് സ്വദേശികളായ ദമ്പതികള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഗണേശനും ഭാര്യ എഴില്‍ അരശിയും വിയര്‍പ്പൊഴുക്കി വാങ്ങിയ രണ്ടേക്കര്‍ സ്ഥലമാണ് ദാനം ചെയ്യുന്നത്. പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്പെക്ടറാണ് ഗണേശന്. പെരിയാര്‍ വില്ലേജ് ഓഫീസിലെ യുഡി ക്ലാര്‍ക്കാണ് ഭാര്യ എഴില്‍ അരശി.
ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് അഞ്ച് സെന്റ് മാത്രം എടുത്തശേഷം ബാക്കിയുള്ള രണ്ടര ഏക്കറാകും വിട്ടുനല്‍കുക. വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ കടശിക്കാട് എന്ന സ്ഥലത്താണ് ഭൂമി. വണ്ടിപ്പെരിയാര്‍ പശുമലയില്‍ തേയിലത്തോട്ടം തൊഴിലാളികളായിരുന്ന പരേതനായ മാടസ്വാമി കനകമ്മ ദമ്പതികളുടെ മകനാണ് ഗണേശന്. കനകമ്മ എസ്റ്റേറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പെന്ഷന് തുകയും ഗണേശന്റെയും ഭാര്യയുടെയും സമ്പാദ്യവും ഉപയോഗിച്ച് 2010 ല്‍ വിലയ്ക്കുവാങ്ങിയ സ്ഥലമാണ് ദാനം ചെയ്യുന്നതെന്നു ഗണേശന് പറഞ്ഞു.
സമൂഹത്തിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച തനിക്ക് മറ്റാരെക്കാളും ഇവരുടെ വേദന നേരിട്ടു മനസിലാകുമെന്ന് ഗണേശന് പറയുന്നു. അതുകൊണ്ടാണ് വീട് വയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് തന്റെയും കുടുംബത്തിന്റെയും ആകെയുള്ള സമ്പാദ്യം വിട്ടുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദമ്പതിമാര്‍ ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ഏതെങ്കിലും സ്വകാര്യ സംരംഭകരോ സന്നദ്ധസംഘടനകളോ പണം മുടക്കുകയാണെങ്കില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കുമെന്നുള്ള കാര്യം ആലോചിക്കുമെന്നും ഗണേശന് പറഞ്ഞു. ഇവരുടെ പൂര്‍വികര്‍ തമിഴ്നാട്ടില്‍ നിന്നു വന്നവരാണ്.