ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ വിവിധ വകുപ്പുകൾ പ്രകാരം 48 വർഷം കഠിനതടവ് ശിക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ വിധികേട്ട പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇരിങ്ങാലക്കുട പോക്സോ കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാട്ടിക ചേർക്കര സ്വദേശി ചേന്നംകാട് വീട്ടിൽ കൊച്ചുമോൻ മകൻ ഗണേശനെ (63) ആണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് കെ.പി. പ്രദീപ്കുമാർ ശിക്ഷിച്ചത്.
വിധി പ്രസ്താവിച്ച് അല്പസമയത്തിനു ശേഷം പ്രതി ചുവന്ന നിറത്തിലുള്ള പൊടി വിഴുങ്ങുന്നതു കണ്ട പോലീസുകാർ ഉടനെ വായ കഴുകിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രഥമ ശുശ്രൂഷയ്ക്കു ശേഷം തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്ത പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.
11 വയസുകാരിയായ ബാലികയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പിഴത്തുക അടയ്ക്കാത്ത പക്ഷം രണ്ടു വർഷവും ഒൻപതു മാസവും കൂടി ശിക്ഷ അനുഭവിക്കണം.
ജയിൽ ശിക്ഷ ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതി.വലപ്പാട് എസ്ഐ ആയിരുന്ന ഇ.ആർ. ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സിഐ ആയിരുന്ന ടി.കെ. ഷൈജുവാണ് കേസ് അന്വേഷണം നടത്തിയത്.
പ്രതിക്ക് ചുവന്ന പൊടി കിട്ടിയതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.