തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തൽ പുറത്തു വരുന്നതോടെ സോളാർ വിവാദം വീണ്ടും ചൂടുപിടിക്കുകുകയാണ്. കെ.ബി. ഗണേഷ്കുമാർ എംഎൽഎയ്ക്കെതിരെയാണ് ആരോപണം.
ഗണേഷിനെതിരേ തിരിഞ്ഞിരിക്കുന്നത് കേരള കോണ്ഗ്രസ് – ബിയുടെ മുൻനേതാവും ഗണേഷ്കുമാറിന്റെ ബന്ധുവുമായ ശരണ്യ മനോജും.
സോളാർ കേസിൽ ഒന്നാം പ്രതി ഗണേഷ്കുമാർ ആണെന്നും യുഡിഎഫ് നേതാക്കൾക്കെതിരെ പരാതിക്കാരിയെക്കൊണ്ട് ആരോപണങ്ങൾ ഉന്നയിപ്പിച്ചത് ഗണേഷ്കുമാർ ആണെന്നുമായിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതികൾ പിന്നീട് എഴുതിച്ചേർക്കുകയായിരുന്നു എന്നായിരുന്നു എന്നും ആരോപണങ്ങൾക്കെല്ലാം പിന്നിൽ ഗണേഷ്കുമാർ ആണെന്നുമായിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ.
അതേസമയം, പരാതിക്കാരി ഈ ആരോപണം പച്ചക്കള്ളം എന്നു പറഞ്ഞു തള്ളി. എങ്കിലും സോളാർ കേസ് വീണ്ടും സജീവമാക്കാൻ സർക്കാർ ഒരുങ്ങുന്പോൾ വന്ന വെളിപ്പെടുത്തൽ യുഡിഎഫിനും ഉമ്മൻ ചാണ്ടിക്കും ആത്മവിശ്വാസം പകരുന്നതാണ്.
സോളാറിൽ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഇപ്പോൾ പുറത്തു വന്ന പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചും അന്വേഷിക്കേണ്ടിവരും.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ഗണേഷ്കുമാറിന്റെ പിഎ പ്രദീപ്കുമാർ ശ്രമിച്ച കേസ് ചർച്ചയാകുന്പോഴാണ് ഗണേഷ്കുമാറിനെതിരെ ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ പുറത്തു വരുന്നത്.
ഭരണപക്ഷത്തെ എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തി പിഎയെ അറസ്റ്റ് ചെയ്ത സംഭവം തന്നെ ചർച്ചയാകുന്ന അവസരത്തിലാണ് പ്രദീപിനെക്കൂടി ചേർത്ത് ഗണേഷ്കുമാറിന്റെ പങ്ക് സംബന്ധിച്ച വെളിപ്പെടുത്തൽ.
സോളാർ വിവാദത്തിൽ എന്നെങ്കിലും സത്യം പുറത്തുവരുമെന്നു തനിക്ക് അറിയാമായിരുന്നു എന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. ആരോടും പ്രതികാരം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ശരണ്യ മനോജിന്റെ തുറന്നു പറച്ചിലിനു പിന്നിൽ ആസൂത്രണമില്ലെന്നാണ് പറയപ്പെടുന്നത്. തെരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് മനോജ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
കേരള കോണ്ഗ്രസ് -ബി വിട്ട മനോജ് ഇപ്പോൾ കോണ്ഗ്രസിലാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയപ്രേരിതമായ ആരോപണം എന്ന വാദം മറുപക്ഷം ഉയർത്താനാണു സാധ്യത.