കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുത്ത് അടുത്തിരിക്കേ ഘടകകക്ഷികളുടെ രണ്ട് വകുപ്പുകളില്‍ സിപിഎമ്മിന് തീര്‍ത്താല്‍ തീരാത്ത തലവേദന. എന്‍സിപിക്ക് നല്കിയ വനം വകുപ്പും ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ബിക്ക് നല്കിയ ഗതാഗത വകുപ്പുമാണ് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. ഈ രണ്ട് വകുപ്പുകളും പരസ്പരം വച്ചുമാറുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മുന്നണിക്കുള്ളില്‍തന്നെ ഉയരുന്നത്. നിരന്തര പ്രശ്നങ്ങളില്‍പ്പെട്ടുഴലുന്ന ഈ വകുപ്പ് മന്ത്രിമാരുടെ ‘പ്രകടനം’ തിരിച്ചടിയാകുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്.
ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ആഗ്രഹിച്ച വകുപ്പായിരുന്നു വനം വകുപ്പ്. വനം വകുപ്പുമന്ത്രിയായ എ.കെ. ശശീന്ദ്രനാകട്ടെ മുന്‍പ് ഗതാഗതമന്ത്രിയായി ഇരുന്നിട്ടുമുണ്ട്. ഒരു വച്ചുമാറ്റത്തിലുടെ പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടോ എന്നും സിപിഎം പരിശോധിക്കുന്നുണ്ട്. കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടതുമാത്രമല്ല വനം വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മന്ത്രി എ.കെ. ശശീന്ദ്രന് വകുപ്പില്‍ കാര്യമായി ഇടപെടുന്നില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ മന്ത്രിക്ക് പലയിടത്തും എത്തിപ്പെടാന്‍ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
എന്‍സിപിയിലെ പ്രശ്നങ്ങള്‍ കാരണമാണ് എ.കെ. ശശീന്ദ്രനെ രണ്ടാം പിണറായി സര്‍ക്കാരിലും മന്ത്രിയാക്കിയത്. എന്നാല്‍ വന്യജീവി അക്രമങ്ങള്‍ നിരുപാധികം തുടരുമ്പോഴും കാര്യമായി ഇടപെടല്‍ നടത്താനോ സംഭവസ്ഥലം സന്ദര്‍ശിക്കാനോ ജനവികാരം തണുപ്പിക്കാനോ മന്ത്രിക്ക് കഴിഞ്ഞില്ല. സംഭവം ഉണ്ടായ ഉടനെ സ്ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ജനരോഷം സര്‍ക്കാര്‍ വിരുദ്ധവികാരത്തിലേക്ക് എത്തുമായിരുന്നില്ല എന്നാണ് ഇടതുപക്ഷക്കാർതന്നെ പറയുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളില്‍ മന്ത്രിയും അസ്വസ്ഥനാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങളില്‍നിന്ന് അറിയുന്നത്.
ആന്റണിരാജുവില്നിന്നു ഗതാതവകുപ്പ് ഏറ്റെടുത്തതുമുതല്‍ മന്ത്രി ഗണേഷ് കുമാര്‍ വിവാദങ്ങള്‍ക്ക് നടുവിലാണ്. മന്ത്രിസ്ഥാനം ഏറ്റെടുത്തു ദിവസങ്ങള്‍ക്കകം കെഎസ്ആര്‍ടിസി ഇനി ഇലക്ട്രിക് ബസുകള്‍ ഇനി വാങ്ങില്ലെന്നു നടത്തിയ പരാമര്‍ശം വലിയരീതിയില്‍ ചര്‍ച്ചയായി. ബസുകള്‍ നഷ്ടത്തിലല്ലെന്നും ലാഭത്തിലാണെന്നും കാണിച്ച കണക്കുകള്‍ പുറത്തുവന്നതോടെ മന്ത്രി പ്രതിരോധത്തിലുമായി. കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകറുമായുള്ള പ്രശ്നവും തുടര്‍ന്ന് ബിജുപ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചതും മറ്റൊരു വിവാദമായി. അതിനിടെ ബിജു പ്രഭാകറിനു പിന്നാലെ ഗതാഗത കമ്മീഷണറുമായുള്ള മന്ത്രിയുടെ ഭിന്നതയും മറനീക്കി പുറത്തുവന്നു.
ഇന്നലെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിക്കുകയും തുടര്‍ന്ന് കമ്മീഷണര്‍ മന്ത്രിയുടെ ചേംബറിലെത്തി ഡെസ്കിലടിച്ച് രോഷാകുലനായി മറുപടി പറയുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന് വലിയ രീതിയിലുള്ള പ്രതിച്ഛായ നഷ്ടം ഉണ്ടാക്കുന്നതായാണ് വിലയിരുത്തല്‍.