പത്തനാപുരം: അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ചിട്ടില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ്കുമാര് എംഎല്‍എ.
സംഘടനയിലുള്ളവരുടെ പ്രതിഫലം കുറയ്ക്കണമെന്ന് അവരോട് ആവശ്യപ്പെടാനാകില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേത് അപ്രായോഗികമായ ആവശ്യമാണ്.
പ്രതിഫലം കുറയ്ക്കാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.തുച്ഛമായ വേതനം കൈപ്പറ്റുന്നവരാണ് അഭിനേതാക്കളില്‍ അധികവും. ഇവരുടെ വേതനം കുറയ്ക്കണമെന്ന് പറയാനാകില്ല.
താരങ്ങളും,നിര്‍മ്മാതാക്കളും തമ്മിലുണ്ടാക്കുന്ന കരാറില്‍ അവര്‍ തന്നെയാണ് വേതനം അംഗീകരിക്കുന്നത്.അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നത് സത്യമാണ്.
എന്നാല്‍ ഈ നോട്ടീസില്‍ പറയുന്നത് നിര്‍മ്മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സഹകരിക്കണമെന്ന് മാത്രമാണ്.കൃത്യമായ സമയത്ത് ഷൂട്ടിംഗിനെത്തണമെന്നാണ് ഇതിലൂടെ വ്യക്തമാക്കിയതെന്നും ഗണേഷ്കുമാര് പത്തനാപുരത്ത് പറഞ്ഞു.